അറബ് ലീഗ് ഉച്ചകോടിക്ക് തുടക്കം; ജി.സി.സി സംഘർഷ മേഖലയാകാൻ അനുവദിക്കില്ല -സൗദി കിരീടാവകാശി
text_fieldsജിദ്ദ: അറബ് മേഖല എപ്പോഴും സംഘർഷ മേഖലയായി മാറാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. സൽമാൻ രാജാവിനുവേണ്ടി 32ാം അറബ് ലീഗ് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ ആമുഖ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മേഖലയിലെ ജനങ്ങൾ അനുഭവിച്ച സംഘർഷങ്ങൾ മതി. ഞങ്ങൾ സമാധാനത്തോടെ മുന്നോട്ട് പോകുന്നുവെന്ന് കിഴക്കും പടിഞ്ഞാറുമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഉറപ്പുനൽകുന്നു. ഫലസ്തീൻ പ്രശ്നം അന്നും ഇന്നും അറബികളുടെ കേന്ദ്ര പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയിൽ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദിന്റെ സാന്നിധ്യത്തിലും സിറിയയുടെ പങ്കാളിത്തം പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനത്തിലും കിരീടാവകാശി സന്തുഷ്ടി പ്രകടിപ്പിച്ചു. സിറിയയുടെ തിരിച്ചുവരവിലൂടെ പ്രതിസന്ധി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുഡാനിൽ സംഭാഷണത്തിന്റെ ഭാഷ അടിസ്ഥാനമാകുമെന്നും പ്രത്യാശിക്കുന്നു. സുഡാനിലെ ഇരു കക്ഷികളും ജിദ്ദ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനെ രാജ്യം സ്വാഗതംചെയ്ത കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ജിദ്ദ ചർച്ച സുഡാനിൽ ഫലപ്രദമായ വെടിനിർത്തൽ കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കിരീടാവകാശി പറഞ്ഞു.യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ സാന്നിധ്യത്തിലുള്ള സന്തോഷം അദ്ദേഹം എടുത്തുപറഞ്ഞു.
യുക്രെയിനിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കുന്നതിനും മാനുഷിക സാഹചര്യം വഷളാകാതിരിക്കുന്നതിനും സംഭാവന ചെയ്യുന്ന എല്ലാറ്റിനും പിന്തുണ നൽകുന്നതിനും റഷ്യയും യുക്രെയ്നും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരാനുള്ള രാജ്യത്തിന്റെ സന്നദ്ധതയും നിലപാടും വീണ്ടും ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മേഖല അനുഭവിച്ച സംഘർഷങ്ങളുടെ വേദനാജനകമായ വർഷങ്ങൾ ഓർക്കാൻ നമുക്ക് ഭൂതകാലത്തിന്റ പേജ് മറിച്ചാൽ മതി. ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിച്ച സംഘർഷത്തിന്റെ ഫലമായി വികസനം മുരടിച്ചു. അറബ് മാതൃരാജ്യത്തിന് നാഗരിക-സാംസ്കാരിക അടിത്തറയും മനുഷ്യ, പ്രകൃതി വിഭവങ്ങളും ഉണ്ട്. വികസിതവും നേതൃപരവുമായ സ്ഥാനം ഏറ്റെടുക്കാനും നമ്മുടെ രാജ്യങ്ങൾക്കും ജനങ്ങൾക്കും എല്ലാ മേഖലയിലും സമഗ്ര നവോത്ഥാനം കൈവരിക്കാനും യോഗ്യമാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് അറബ് ഉച്ചകോടിയുടെ 32ാമത് സെഷൻ ആരംഭിച്ചത്. ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദ് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ നേതാക്കളെയും പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചു. എല്ലാവരുമൊന്നിച്ച് ഗ്രൂപ് ഫോട്ടോ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.