അറബ് രാജ്യങ്ങൾ തമ്മിലെ ബന്ധങ്ങളിൽ ഏകീകൃത നിലപാടുകൾ വേണം -അറബ് ലീഗ് ‘ജിദ്ദ പ്രഖ്യാപനം’
text_fieldsജിദ്ദ: അറബ് രാജ്യങ്ങൾ പരസ്പരമുള്ള ബന്ധങ്ങളിൽ ഏകീകൃത നിലപാടുകൾ ഉണ്ടാകേണ്ടതിന്റെയും സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നിക്കേണ്ടതിന്റെയും ആവശ്യകത ഉയർത്തി അറബ് ലീഗ് ഉച്ചകോടിയിൽ ‘ജിദ്ദ പ്രഖ്യാപനം’. ജിദ്ദയിൽ ഇന്നലെ നടന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിയുടെ സമാപന പ്രസ്താവനയിലാണ് അറബ് രാഷ്ട്രനേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീൻ ജനതയുടെ പ്രശ്നം, സുഡാനിലും ലിബിയയിലും ഉയർന്നുവരുന്ന പ്രതിസന്ധികൾ പരിഹരിക്കാനുള്ള അറബ് സംരംഭത്തിനുള്ള പിന്തുണ, യമൻ, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാണ് വെള്ളിയാഴ്ച ജിദ്ദയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഭരണകൂടത്തിന്റെ പരിധിക്ക് പുറത്തുള്ള സായുധ സംഘടനകളെ പരിപൂർണമായി നിരസിക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ പ്രശ്നം അറബ് രാജ്യങ്ങളുടെ മുഖ്യവിഷയമാണ്. കിഴക്കൻ ജറൂസലം ഉൾപ്പെടെ 1967ൽ കൈവശപ്പെടുത്തിയ എല്ലാ ഭൂമിയുടെയും മേലുള്ള സമ്പൂർണ പരമാധികാരം ഫലസ്തീൻ രാഷ്ട്രത്തിനാണ്. ‘അറബ് സമാധാന സംരംഭം’ സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും സമാപന പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ തുടരാൻ ലബനാൻ അധികാരികളോട് പ്രസ്താവന അഭ്യർഥിച്ചു. ഒപ്പം എത്രയും വേഗം ഒരു സർക്കാർ രൂപവത്കരിക്കുകയും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുകയും വേണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. സിറിയയുടെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കണം. പ്രതിസന്ധിയിൽനിന്ന് കരകയറാനും സിറിയൻ ജനതയുടെ ദുരിതം അവസാനിപ്പിക്കാനും സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കണം. സുഡാന്റെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിൽ ഉച്ചകോടി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുഡാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കരുത്.
പ്രതിസന്ധി ആഭ്യന്തര കാര്യമായി കണക്കാക്കുകയും സ്ഥാപനങ്ങൾ സംരക്ഷിക്കുകയും വേണം. ലിബിയയുടെ ഐക്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാത്തരം ബാഹ്യ ഇടപെടലുകളും നിരസിക്കുകയും ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും വേണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യമനിലെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കണം. റഷാദ് മുഹമ്മദ് അൽ അലീമിയുടെ നേതൃത്വത്തിലുള്ള നിയമാനുസൃതമായ യമൻ സർക്കാറിനുള്ള പിന്തുണയും സഹായവും തുടരേണ്ടതുണ്ട്. ഭീകരതക്കെതിരായ സമഗ്രമായ യുദ്ധത്തിൽ സോമാലിയൻ സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തനബ് കുബ്റ, തനബ് ശുഅ്റ, അബു മൂസ എന്നീ ദ്വീപുകളുടെ മേലുള്ള യു.എ.ഇയുടെ സമ്പൂർണ പരമാധികാരം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ബെയ്ജിങ്ങിൽ സൗദിയും ഇറാനും തമ്മിൽ ഉണ്ടാക്കിയ കരാറിനെ പ്രസ്താവന സ്വാഗതം ചെയ്തു. ഇറാഖിലേക്ക് തുർക്കി സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെ പ്രസ്താവന അപലപിച്ചു.
ഉപാധികളില്ലാതെ സൈന്യത്തെ പിൻവലിക്കാൻ തുർക്കി സർക്കാറിനോട് ഉച്ചകോടി ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിലും ലോകത്തും തീവ്രവാദ സംഘടനകൾ നടത്തുന്ന എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളെയും പ്രസ്താവന അപലപിച്ചു. ഭീകരതയെ ചെറുക്കുന്നതിനുള്ള അറബ് കൺവെൻഷൻ കരാർ അംഗീകരിക്കാത്ത അറബ് രാജ്യങ്ങളോട് അത് അംഗീകരിക്കാനും സമാപന പ്രസ്താവന ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ജിദ്ദ റിട്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിയിൽ 22 അറബ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും പങ്കെടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിനുവേണ്ടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന അടുത്ത വർഷത്തെ അറബ് ലീഗ് ഉച്ചകോടിക്ക് ബഹ്റൈൻ, ഇറാഖ് എന്നീ രാജ്യങ്ങൾ ആതിഥ്യം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.