ഇസ്രായേൽ അധിനിവേശത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിശബ്ദതയെ വിമർശിച്ച് അറബ് പാർലമെന്‍റ്
text_fieldsജിദ്ദ: ഇസ്രായേലിന്‍റെ മാനുഷികതയും മര്യാദയും ലംഘിച്ചുള്ള അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം തുടരുന്ന ലജ്ജാകരമായ നിശബ്ദതയെ വിമർശിച്ച് അറബ് പാർലമെന്‍റ്. ശനിയാഴ്ച അറബ് പാർലമെന്‍റ് പ്രസിഡന്‍റ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയുടെ നേതൃത്വത്തിൽ കെയ്റോയിലെ അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റ് ആസ്ഥാനത്ത് നടന്ന യോഗം ഫലസ്തീൻ ജനതക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അധിനിവേശ ശക്തി ഫലസ്തീനിൽ വംശഹത്യ യുദ്ധം തുടരുന്നതും ഗസ്സയിലും പരിസരങ്ങളിലും നിഷ്ഠൂരമായി ബോംബെറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതും യുദ്ധകുറ്റമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളായ സാധാരണക്കാരെ ബോധപൂർവം ലക്ഷ്യമിട്ടാണ് ആക്രമണം. നൂറുക്കണക്കിനാളുകൾ മരിക്കാനും ആയിരങ്ങൾക്ക് പരിക്കേൽക്കാനുമിടയാകുന്നതാണ് ഫലസ്തീനിലെ നിലവിലെ സാഹചര്യം. വലിയ മാനുഷിക ദുരന്തമാണ് സംഭവിക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.
മേഖലയിലെ പുതിയ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു. ഫലസ്തീനിലെ സ്ഥിതിഗതികളുടെ ഗൗരവത്തെക്കുറിച്ചും മനുഷ്യത്വരഹിതമായ നടപടികളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹം ഇനിയും നിശബ്ദത തുടർന്നാൽ മേഖലയിൽ അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാവുകയെന്നും അത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. അറബികളുടെ പ്രഥമവും കേന്ദ്രീയവുമായ പ്രശ്‌നം കടന്നുപോകുന്ന ഈ നിർണായക നിമിഷത്തിൽ ഫലസ്തീൻ ജനതയോട് സമ്പൂർണമായി ഐക്യപ്പെടുകയാണെന്നും അറബ് പാർലമെന്‍റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.