റഫയെ ആക്രമിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിനെതിരെ അറബ് പാർലമെന്റ് മുന്നറിയിപ്പു നൽകി
text_fieldsജിദ്ദ: ഒന്നര ലക്ഷം ഫലസ്തീനികൾക്കെതിരായ ഏറ്റവും നികൃഷ്ടമായ വംശഹത്യയിൽ കലാശിച്ചേക്കാവുന്ന ഫലസ്തീൻ നഗരമായ റഫയെ ആക്രമിക്കാനുള്ള ഇസ്രായേൽ അധിനിവേശത്തിന്റെ ഒരുക്കങ്ങൾക്കെതിരെ അറബ് പാർലമെന്റ് മുന്നറിയിപ്പു നൽകി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അപകടകരമായ വർധനവിനും ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളെ തടസ്സപ്പെടുത്തുന്നതിനുമായിരിക്കും ഈ നീക്കം കാരണമാവുക.
ഫലസ്തീൻ ജനതക്കെതിരായ കൂടുതൽ കൂട്ടക്കൊലകളും കുറ്റകൃത്യങ്ങളും തടയുന്നതിന് ഇസ്രായേൽ അധിനിവേശ സൈന്യത്തിന്മേൽ സമ്മർദം ചെലുത്തണമെന്ന് അറബ് പാർലമെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ യു.എസ് ഭരണകൂടത്തോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിച്ചു. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾക്ക് ഇസ്രായേലിനെ ഉത്തരവാദിയാക്കാനും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾ നടപ്പിലാക്കാനും ആക്രമണം അവസാനിപ്പിക്കാനും പ്രസ്താവന ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിലായാലും വെസ്റ്റ് ബാങ്കിലായാലും ഫലസ്തീൻ ജനതയ്ക്കെതിരായ വംശഹത്യ യുദ്ധം തുടരാൻ ഇസ്രായേൽ അധിനിവേശ നേതാക്കൾക്ക് ധൈര്യം പകരുന്ന ലജ്ജാകരമായ നിശബ്ദതയെയും അറബ് പാർലമെന്റ് അപലപിച്ചു. വെടിനിർത്തലിന്റെയും സമാധാനത്തിന്റെയും പ്രാധാന്യവും ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരം തേടേണ്ടതിന്റെയും ജറൂസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകത അറബ് പാർലമെന്റ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.