അറബ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് അറബ് പാർലമെന്റ്
text_fieldsജിദ്ദ: സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഈ മാസം 11 ന് റിയാദിൽ അടിയന്തര അറബ് ഉച്ചകോടി വിളിച്ചുചേർക്കാനുള്ള തീരുമാനത്തെ അറബ് പാർലമെന്റ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി സ്വാഗതം ചെയ്തു. ഫലസ്തീൻ പ്രശ്നത്തെ പ്രതിരോധിക്കാനും ഗസ്സയിലെ അന്യായമായ ഉപരോധം പിൻവലിക്കാനും സിവിലിയന്മാർക്കെതിരായ യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യക്കും അധിനിവേശ ശക്തിയുടെ മേൽ പൂർണ ഉത്തരവാദിത്തമുണ്ടെന്ന് ഓർമപ്പെടുത്താനും അത് നിർവഹിക്കാൻ സമ്മർദം ചെലുത്താനും അറബ് നേതാക്കൾ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും നടപടികൾക്കും പൂർണ പിന്തുണയുണ്ടാകും. മേഖലയിൽ സുരക്ഷയും സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കി പ്രശ്നത്തിന് ന്യായവും സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരേണ്ടതിന്റെ ആവശ്യകത സ്പീക്കർ വ്യക്തമാക്കി. ഫലസ്തീന് പ്രശ്നം വളരെ സങ്കീർണമായ സമയത്താണ് ഉച്ചകോടി നടക്കുന്നത്. ഈ സുപ്രധാന ഉച്ചകോടി വിജയകരമാക്കുന്നതിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള സൗദി അറേബ്യയുടെ കഴിവിൽ അൽഅസൂമി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
അധിനിവേശ സേന ആളുകളെ കൊല്ലുന്നതും അവരുടെ സ്വത്തുവകകൾ നശിപ്പിക്കുന്നത് തുടരുകയും ചെയ്യുന്ന സന്ദർഭത്തിലാണ് ഉച്ചകോടി നടക്കുന്നത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും ലംഘിക്കുന്ന ഈ കുറ്റകൃത്യങ്ങൾ തുടങ്ങി ഒരു മാസത്തിനുശേഷവും വെടിനിർത്തൽ തീരുമാനത്തിലെത്താൻ കഴിയാത്ത അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തെ അറബ് പാർലമെന്റ് വീണ്ടും അപലപിക്കുകയാണെന്നും അറബ് പാർലമെൻറ് സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.