വംശനാശ ഭീഷണിക്കിടയിൽ അറേബ്യൻ കടുവയ്ക്ക് സുഖപ്രസവം
text_fieldsജിദ്ദ: ഗുരുതര വംശനാശ ഭീഷണിക്കിടയിൽ അറേബ്യൻ കടുവകളിലൊന്നിെൻറ സുഖ പ്രസവത്തിന് വലിയ വാർത്താപ്രാധാന്യം നൽകി സൗദി അധികൃതർ. വംശം നശിച്ച് പോകാതിരിക്കാൻ സംരക്ഷണ പ്രവർത്തനം ശക്തമാക്കുന്നതിനിടയിൽ ഒരു പെൺകടുവ തന്നെ പിറന്നത് ഏറെ ആഹ്ളാദവും വന്യമൃഗ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും പകർന്നിരിക്കുകയാണ്. വടക്കൻ മേഖലയിലെ ലോകപ്രശസ്ത പൗരാണിക കേന്ദ്രമായ അൽഉലയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് പെൺകടുവക്ക് ജന്മം നൽകിയത്.
ഈ വർഷം ഏപ്രിൽ 23നാണ് പ്രസവം നടന്നതെങ്കിലും കുഞ്ഞിെൻറ ആരോഗ്യവും വളർച്ചയുടെ ഘട്ടങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഇപ്പോഴാണ് വിവരം പുറത്തുവിട്ടത്. അമീർ സഉൗദ് അൽഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിലെ കടുവകളുടെ കൂട്ടത്തിലേക്ക് മാറ്റുന്നതിെൻറ മുന്നോടിയായി ജുലൈ 13 ന് കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പാക്കുകയും ലിംഗ നിർണയം നടത്തുകയും ചെയ്തതായി അൽഉല ഗവർണറേറ്റ് റോയൽ കമീഷൻ അറിയിച്ചു. അറേബ്യൻ കടുവയുടെ സുഖപ്രസവം അവയെ സംരക്ഷിക്കാൻ സമയം വൈകിയിട്ടില്ലെന്ന സന്ദേശമാണ് നൽകുന്നതെന്ന് അൽഉല റോയൽ കമീഷൻ സി.ഇ.ഒ ഉമർ ബിൻ സ്വാലിഹ് അൽമദനി പറഞ്ഞു.
അറേബ്യൻ കടുവ പോലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നത് ഭൂമിയുടെ നിലനിൽപിനും പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥകളുടെയും സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ഇത് റോയൽ കമീഷെൻറ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റിപ്പോർട്ടനുസരിച്ച് അറേബ്യ കടുവകൾ ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ്. വർഷങ്ങളായുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നഷ്ടപ്പെടലിെൻറയും വേട്ടയാടലിെൻറയും ഫലമായി ഇപ്പോൾ അറേബ്യൻ കടുവകളുടെ എണ്ണം 200 കവിയുന്നില്ല. ഇതിെൻറ ഭാഗമായാണ് അറേബ്യൻ കടുവ കേന്ദ്രം തുറക്കുന്നതുൾപ്പെടെയുള്ള സംരംഭങ്ങൾ കമീഷൻ ആരംഭിച്ചത്. അറേബ്യൻ കടുവ ഫണ്ട് സ്ഥാപിക്കുന്നതിന് 25 ദശലക്ഷം ഡോളർ അനുവദിച്ചു.
വംശനാശഭീഷണി നേരിടുന്ന മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുന്നുണ്ട്. അൽഉല ഗവർണറേറ്റിലെ പല സ്ഥലങ്ങളിലുമുള്ള ശിലാ ലിഖിതങ്ങളിൽ അറേബ്യൻ കടുവകളുടെ ചിത്രങ്ങളുണ്ട്. ചരിത്രത്തിൽ അൽഉലയുടെ സ്വഭാവിക പരിസ്ഥിതിയുടെ സമൃദ്ധി സ്ഥിരീകരിക്കുന്നതാണിത്. അൽഉലയുടെ പരിസ്ഥിതിയെയും പ്രകൃതിയെയും പരിപാലിക്കുക, പൈതൃകവും പുരാവസ്തുക്കളു സംരക്ഷിക്കുക എന്നിവ കമീഷെൻറ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നു. ഇതിലുടെ അൽഉല ലോകത്തെ ഏറ്റവും കൂടുതൽ ജീവികളുള്ള പ്രദേശമായി മാറുമെന്നും ഉമർ ബിൻ സ്വാലിഹ് അൽമദനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.