‘അറേബ്യൻ വോളി’ക്ക് കൊടിയിറങ്ങി
text_fieldsറിയാദ്: ‘ഗൾഫ് മാധ്യമ’വും അറബ്കോയും സംയുക്തമായി റിയാദ് സ്പോർട്സ് അക്കാദമി (തർബിയ) ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അൽജസീറ അറബ് വോളി ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ദേശഭാഷ അതിർവരമ്പുകൾ മറികടന്ന് പ്രവാസത്തിന്റെ മാനുഷിക ഭാവങ്ങളിൽ അലിഞ്ഞുചേർന്ന സൗഹൃദ കായിക പോരാട്ടങ്ങൾക്കാണ് വോളി പ്രേമികൾ സാക്ഷികളായത്. രാവേറെ നീണ്ടുനിന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം സൗദി ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് ഹിശാം ശൈഖാണ് നിർവഹിച്ചത്. സാമൂഹിക സാംസ്കാരിക കായിക രംഗത്തെ പ്രമുഖരും ടൂർണമെൻറ് പ്രായോജകരും പങ്കെടുത്തു.
റിയാദ് ടാക്കീസ് കൊട്ടിക്കയറിയ ചെണ്ടമേളം ആരവം പകർന്ന ചടങ്ങിൽ ഹിശാം ശൈഖ്, അൽജസീറ എയർവേസ് സൗദി ഹെഡ് ഉബൈദ് ഖാൻ എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം റീജനൽ മാനേജർ സലീം മാഹി നന്ദി പറഞ്ഞു. കാസ്ക് ദമ്മാമും സ്പൈക്കേഴ്സ് കർണാടകയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് കാസ്ക് ദമ്മാം വിജയിച്ചു.
25-17 എന്ന സ്കോറിനാണ് സ്പൈക്കേഴ്സിനെ ഇരുസെറ്റുകളിലും പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ സിഗ്മ ജുബൈലിനായിരുന്നു ജയം. ബഹ്റൈൻ താരങ്ങളായ സെയ്ദ് ഹസൻ, സെയ്ദ് അലി, സുഹൈർ എന്നിവരുടെ തീപാറുന്ന സ്മാഷുകൾക്കു മുന്നിൽ കരുത്തരായ സൗദി താരങ്ങൾ അബ്ദുറഹ്മാൻ നജ്റാനിലൂടെയും യൂസഫ് അൽ ഉതൈബിയിലൂടെയും അൽഹംറ റിയാദ് ചെറുത്തുനിന്നെങ്കിലും ഭാഗ്യം സിഗ്മയുടെ കൂടെയായിരുന്നു (25-23, 25-22).
മൂന്നാമത്തെ മത്സരത്തിൽ കളം നിറഞ്ഞാടിയ കിനാസു ഫിലിപ്പീൻസ് വോളി ടീമിനെ റിയാസും മിർഷാദും ബഹ്റൈൻ താരം അഹ്മദ് ഈസയും ചേർന്ന അറബ്കോ റിയാദ് ടീം വരിഞ്ഞുമുറുക്കി. പരിചയസമ്പന്നതയും കളിയടവുകളും പുറത്തെടുത്ത അറബ്കോ നേരിട്ടുള്ള സെറ്റുകൾക്കാണ് (25-22, 25-20) സെമിയിൽ പ്രവേശിച്ചത്. ശകരാകർ റിയാദിന്റെ അഭാവത്തിൽ സെമി ബർത്ത് നേടിയ സ്റ്റാഴ്സ് റിയാദും സിഗ്മ ജുബൈലും തമ്മിലായിരുന്നു ആദ്യ സെമി മത്സരം. ഇഞ്ചോടിഞ്ച് പൊരുതിയ ഇരുടീമുകളും കളിയുടെ അവസാന നിമിഷം വരെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടർന്നു.
ദീപകും ജുനൈദും സലാമും ചുക്കാൻ പിടിച്ച സ്റ്റാർ റിയാദിന്റെ പോരാട്ടത്തിന് സുഹൈറും സഅദും ഇൽയാസും അണിനിരന്ന സിഗ്മ ജുബൈൽ ടീമിനെ മറികടക്കാനായില്ല. ജുബൈലിന്റെ തേരോട്ടത്തെ മൂന്നാമത്തെ ഗെയിമിൽ സ്റ്റാർ പിടിച്ചുകെട്ടിയെങ്കിലും സിഗ്മ ആർത്തലച്ച ഗാലറിയെ സാക്ഷിയാക്കി മത്സരം തങ്ങളുടെ പക്ഷത്താക്കുകയായിരുന്നു. രണ്ടാം പുരുഷ സെമിഫൈനലിൽ കാസ്ക് ദമ്മാമും അറബ്കോ റിയാദും തകർപ്പൻ സ്മാഷുകളിലൂടെയും കിടിലൻ ബ്ലോക്കുകളിലൂടെയും ആറാടിയപ്പോൾ കാഴ്ചക്കാരും ആവേശക്കൊടുമുടിയിലെത്തി.
അറബ്കോയുടെ മിർഷാദ് പോരാട്ടത്തെ മുന്നിൽനിന്ന് നയിച്ചപ്പോൾ ഹൈദറും ഈസയും ഹുസൈനും ശക്തമായ പിന്തുണ നൽകി. ഏകപക്ഷീയമായ മൂന്നു ഗെയിമുകൾ കരസ്ഥമാക്കി അവർ ഫൈനൽ പ്രവേശനം ഉറപ്പാക്കി. ലേഡി ഡ്രാഗണും സ്ട്രൈക്കേഴ്സ് റിയാദും മാറ്റുരച്ച വനിത വിഭാഗത്തിൽ സ്ട്രൈക്കേഴ്സ് രണ്ടു സെറ്റുകൾക്ക് ലേഡി ഡ്രാഗണെ തൂത്തുവാരി. പിന്നീട് ഏവരും കാത്തിരുന്ന ഫൈനൽ മത്സരങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.