അറേബ്യൻ വോളി ഇന്ന്; തല്ലുമാല തീർക്കാൻ ദേശാന്തര വോളി ടീമുകൾ
text_fieldsറിയാദ്: അന്തരീക്ഷത്തിലുയർന്നുപൊങ്ങി എതിരാളിയുടെ പ്രതിരോധ പഴുതുകളിലേക്ക് പന്തടിയുടെ പൊടിപൂരമായി ഇന്ന് ‘അറേബ്യൻ വോളി’തല്ലുമാല തീർക്കും. ഗൾഫ് മാധ്യമവും അറബ്കോ കാർഗോയും ചേർന്ന് സംഘടിപ്പിക്കുന്ന ‘അൽജസീറ അറേബ്യൻ വോളി’ ടൂർണമെന്റ് റിയാദ് നസീം ഡിസ്ട്രിക്റ്റിലെ റയാനിലുള്ള റിയാദ് സ്പോർട്സ് (തർബിയ) അക്കാദമി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും.
കൈക്കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും പിൻബലവും ബുദ്ധിപരമായ വിന്യാസവും പരിശീലനത്തിന്റെ നൈരന്തര്യവുമായി കളത്തിലിറങ്ങുന്നത് 12 ദേശാന്തര ടീമുകളാണ്. ഇതിൽ നാലെണ്ണം വനിതകളുടെ ക്ലബുകളാണ്. സൗദിയുടെ വോളിബാൾ രംഗത്ത് വർഷങ്ങളായി സാന്നിധ്യം തെളിയിച്ച ടീമുകളാണ് മാറ്റുരക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ ഫിക്ചറിൽ 1.30ന് നടക്കുന്ന ആദ്യമത്സരത്തിൽ അറബ്കോ റിയാദും കിനെസു റിയാദും രണ്ടാമതായി സ്റ്റാർ റിയാദും ശകരാകർ റിയാദും തമ്മിൽ ഏറ്റുമുട്ടും.
കാസ്ക് ദമ്മാമും കർണാടക സ്പൈക്കേഴ്സും തുടർന്ന് സിഗ്മ ജുബൈലും അൽഹംറ റിയാദും നോക്ഔട്ട് റൗണ്ടിൽ കളിക്കും. പുരുഷ സെമി ഫൈനലിന് ശേഷം സ്ട്രൈക്കേഴ്സ് റിയാദ്, എലൈറ്റ് റിയാദ് എന്നീ സൗദി ടീമുകളും ഡ്രാഗൺസ് റിയാദ്, ക്വീൻസ് ഡ്രാഗൺസ് എന്നീ ഫിലിപ്പീൻസ് ക്ലബുകളുമാണ് പെൺശൗര്യവുമായി കളിക്കളത്തിലിറങ്ങുക.
ആദ്യം വനിത ഫൈനലും തുടർന്ന് പുരുഷ ഫിനാലെയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, കായികരംഗത്തെ പ്രമുഖർ, ഗൾഫ് മാധ്യമം-അറബ്കോ പ്രതിനിധികൾ, ടൂർണമെൻറ് പ്രായോജകർ തുടങ്ങി പ്രമുഖർ പങ്കെടുക്കും. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
റിയാദ് നഗരഹൃദയത്തിൽനിന്ന് ഏകദേശം 20 കിലോമീറ്റർ ദൈർഘ്യമാണ് കളി നടക്കുന്ന സ്റ്റേഡിയത്തിലേക്കുള്ളത്. പ്രവിശാലമായ പാർക്കിങ്ങും മത്സരം വീക്ഷിക്കാനും ഭക്ഷണ-വിശ്രമത്തിനുള്ള സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് റിയാദ് തർബിയ ഇൻഡോർ സ്റ്റേഡിയം. വാരാന്ത്യ ദിനത്തിൽ കുടുംബത്തോടൊപ്പം സന്ദർശിക്കാനും കളിയാസ്വദിക്കാനും ഇത് നല്ല സ്ഥലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.