അറബി ഭാഷ ദിനം: വിവിധ പരിപാടികളുമായി അറബ് ലോകം
text_fieldsഅനീസുദ്ദീൻ ചെറുകുളമ്പ്
യാംബു: ഐക്യരാഷ്ട്ര സഭ ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനമായി ആചരിക്കുന്നതിെൻറ ഭാഗമായി അറബ് ലോകത്തെങ്ങും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. 1973 ഡിസംബർ 18ന് യു.എൻ നടത്തിയ ജനറൽ അസംബ്ലിയിലാണ് അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. 2010 മുതൽ എല്ലാ വർഷവും ഡിസംബർ 18 അറബി ഭാഷ ദിനമായി ആഗോളതലത്തിൽ ആചരിക്കുന്നു. അറബി ഭാഷ സമൂഹത്തിന് നൽകിയ സംഭാവന അനുസ്മരിച്ചും സാംസ്കാരിക നാഗരിക ചരിത്രത്തിൽ 28 കോടി ജനതയുടെ മാതൃഭാഷയുടെ വേറിട്ട സംഭാവന ചർച്ചചെയ്തും വിപുലമായ പരിപാടികളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നത്. 'അറബി ഭാഷ: നാഗരികതക്കിടയിലുള്ള പാലം' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിെൻറ പ്രമേയമായി തീരുമാനിച്ചത്. ആളുകൾക്കിടയിൽ ആശയവിനിമയത്തിെൻറ വഴികൾ തുറന്നിടാൻ അറബ് ഭാഷ നൽകിയ പങ്കിനെ കുറിച്ചുള്ള ചർച്ചകളും സെമിനാറുകളും വിവിധ രാജ്യങ്ങളിൽ നടക്കുകയുണ്ടായി.
സൗദിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കീഴിെല നഴ്സറി ക്ലാസുകൾ മുതൽ സർവകലാശാല വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിനാചരണ ഭാഗമായി വിവിധ പരിപാടികൾ നടന്നു. ഓഫ്ലൈനിൽ ക്ലാസുകൾ തുടങ്ങാത്ത കെ.ജി, പ്രൈമറി തലങ്ങളിലുള്ള സ്കൂളുകൾ 'മദ്റസത്തീ' ഓൺലൈൻ പോർട്ടൽ വഴിയാണ് പരിപാടികൾ നടത്തിയത്. അറബി വായന മത്സരം, കാലിഗ്രഫി മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.
ജിദ്ദയിൽ 'അറബിക് ഭാഷയും ഡിജിറ്റൽ പരിവർത്തനവും' ശീർഷകത്തിൽ നടത്തിയ അന്താരാഷ്ട്ര സമ്മേളനം ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. മക്ക കൾചറൽ ഫോറം ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്ര പ്രതിഭകളും ചികിത്സ രംഗത്ത് മികവ് തെളിയിച്ചവരും പിറവിയെടുത്ത ഭാഷയും പരിപാടിയിൽ പഠനവിഷയമായി. ദിരിയ ഗേറ്റ് ഡെവലപ്മെൻറ് അതോറിറ്റിയുടെ കീഴിൽ അറബി ഭാഷയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കാനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ റിയാദിലും സംഘടിപ്പിക്കുന്നുണ്ട്.
അറബ് ലോകത്തെയും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
അറബി ഭാഷയിൽ മാത്രം അധിഷ്ഠിതമായ വിവിധ പരിപാടികളിൽ പ്രസംഗം, അറേബ്യൻ കലകൾ, സാംസ്കാരിക കലാസാഹിത്യ മേഖലകളിൽ അറബി ഭാഷ നൽകിയ സംഭാവനകൾ തുടങ്ങിയവയെല്ലാം പരിപാടികളിൽ മുഖ്യ വിഷയമായിരുന്നു. യുനെസ്കോ പൈതൃക പട്ടികയിൽ അറബി കാലിഗ്രഫി ഉൾപ്പെടുത്തി വിജ്ഞാപനം വന്നത് ഈ വർഷത്തെ ദിനാഘോഷത്തിന് ഏറെ പൊലിമ കിട്ടാൻ കാരണമായി. സൗദി അറേബ്യ മുൻകൈയെടുത്ത് 15 അറബ് രാജ്യങ്ങൾ യുനെസ്കോക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് അംഗീകാരം കിട്ടിയത്.
സൗദി തുടർച്ചയായി രണ്ടുവർഷം അറബി കാലിഗ്രഫി വർഷമായി ആചരിച്ചതും ആഗോളതലത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. കാലിഗ്രഫി കരവിരുത് വിദ്യാർഥികൾക്ക് പരിശീലിപ്പിക്കാനായി സൗദി സാംസ്കാരിക മന്ത്രാലയം വൈവിധ്യമാർന്ന പരിശീലനക്കളരിയും കാലിഗ്രഫി പ്രദർശനവും ഒരുക്കി.
അറബി ഭാഷയുടെ ചരിത്രവും വികാസവും മഹത്വവും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനും അതുവഴി ലോകത്തെ സമ്പന്നമാക്കാനും ശ്രമിക്കുക എന്നതുകൂടി അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം വഴി ബന്ധപ്പെട്ടവർ ലക്ഷ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.