അറബിഭാഷാ പ്രോത്സാഹനം; ഇന്ത്യയുടെ പങ്ക് മഹത്തരം -സൗദി
text_fieldsയാംബു: അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുന്നതായി സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് (കെ.എസ്.ജി.എ.എ.എൽ).
അറബിഭാഷ മാസാചരണത്തിന്റെ ഭാഗമായി അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി ഇന്ത്യൻ സർവകലാശാലകളിലെയും അറബിക് കോഴ്സുകൾ പഠിപ്പിക്കുന്ന കോളജുകളിലെയും വിദ്യാർഥികൾക്കും അധ്യാപകർക്കും വിവിധ പരിശീലന പരിപാടികളും ശിൽപശാലകളും മത്സരങ്ങളും ഒരുക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ പണ്ഡിതന്മാർക്കും പഠിതാക്കൾക്കുമായി നിരവധി പ്രോഗ്രാമുകൾ നേരത്തേ നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇന്ത്യയിൽ ഇതര ഭാഷ സംസാരിക്കുന്നവർക്കായി അറബി ഭാഷാപഠനം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാൻ ഓൺലൈൻ വഴിയും വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചുവരുന്നതായും സംഘാടകർ അറിയിച്ചു.
പതിറ്റാണ്ടുകളായി അറബി ഭാഷാപഠനത്തിന് ഏറെ പ്രാധാന്യം നൽകുന്ന ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആസ്ഥാനമാക്കിയാണ് വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.
അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്നും വിശാലവും വൈവിധ്യപൂർണവുമായ സാംസ്കാരിക ഭൂപ്രകൃതിയിൽ പഠിക്കാനുള്ള വിദ്യാർഥികളുടെ വർധിച്ചുവരുന്ന താൽപര്യം ഏറെ പ്രോത്സാഹനാർഹമാണെന്നും അക്കാദമി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല ബിൻ സാലിഹ് അൽ വാഷ്മി പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യമാർന്ന ബഹുഭാഷാ ഭൂപ്രകൃതി ഉണ്ടായിരുന്നിട്ടും വർധിച്ചുവരുന്ന വാണിജ്യ പ്രവർത്തനങ്ങളും സാംസ്കാരിക വിനിമയങ്ങളും വഴി അറബി പഠിക്കാനുള്ള താൽപര്യം കൂടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനത്തിൽ സൗദി ഭാഷാവിദഗ്ധർ നയിക്കുന്ന വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും അറബിക് ഭാഷാ അധ്യാപന പാഠ്യപദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള മത്സരങ്ങളും ശിൽപശാലകളും ഏറ്റവും പുതിയ അധ്യാപന രീതിയുമായി പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സൗദി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽപ്പെട്ട ‘ഹ്യൂമൻ കാപ്പബിലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാ’മിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
അന്യഭാഷ സംസാരിക്കുന്നവരെ അറബിഭാഷ പഠിപ്പിക്കുന്നതിനുള്ള ആധുനിക പ്രവർത്തനങ്ങളെ പിന്തുണക്കുക, പരിശീലകരുടെ അധ്യാപന കഴിവുകൾ വർധിപ്പിക്കുക, ഭാഷാപരമായ കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാസ്ത്രീയ മത്സരങ്ങൾ സംഘടിപ്പിക്കൽ എന്നിവയും കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് ലക്ഷ്യം വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.