ലോകം അറഫയിൽ
text_fieldsമക്ക: ഹജ്ജ് എന്ന ജീവിതാഭിലാഷത്തിന്റെ സാഫല്യം തേടിയെത്തിയ ദശലക്ഷക്കണക്കിന് തീർഥാടകർ തീർത്ത ഭക്തിസാഗരത്തിൽ ഈ വർഷത്തെ അറഫസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. മിനായുടെ തമ്പുനഗരിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി മുതൽ വിശുദ്ധനഗരിയുടെ കൈവഴികളിലൂടെ ആരംഭിച്ച ഹാജിമാരുടെ ഒഴുക്ക് ശനിയാഴ്ച ഉച്ചയോടെ മഹാപ്രവാഹമായി അറഫയിൽ വിശ്വമാനവ മഹാസംഗമമായി രൂപാന്തരപ്പെട്ടു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സമ്മേളനത്തിൽ തീർഥാടക ലക്ഷങ്ങൾ കരളുരുകി കണ്ണീരൊഴുക്കി പശ്ചാത്താപത്തിലും പ്രാർഥനകളിലുമായി ശനിയുടെ പകലറുതി വരെ കഴിച്ചുകൂട്ടി. രണ്ടര ദശലക്ഷത്തോളം ഹാജിമാരാണ് ശനിയാഴ്ച ശക്തമായ ചൂടിനെ വകവെക്കാതെ അറഫ മൈതാനിയിൽ അണിനിരന്നത്. നാലു ലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള അറഫയിലെ നമിറ പള്ളിയിൽ മുഹമ്മദ് നബിയുടെ ചരിത്രപ്രധാനമായ അഭിസംബോധനയെ അനുസ്മരിച്ച് മക്ക ഹറം ഇമാം ഡോ. ശൈഖ് ഡോ. മാഹിർ ബിൻ ഹമദ് അൽമുഅയ്ഖിൽ പ്രഭാഷണം നടത്തി. അല്ലാഹുവിന്റെ ഏകത്വവും മനുഷ്യസമത്വവും മുറുകെപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീൻ ജനതയുടെ മോചനത്തിന് ഇമാം പ്രാർഥിച്ചു. മലയാളം അടക്കം 20 ഭാഷകളിലായി ലോകത്തിലെ നൂറുകോടി പേർ പ്രഭാഷണം ശ്രവിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഭക്തിമന്ത്രങ്ങളോടെ ശുഭ്രവസ്ത്രധാരികളായ അല്ലാഹുവിന്റെ അതിഥികൾ അറഫയിലെത്തിത്തുടങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ തീർഥാടകരും അറഫ മൈതാനിയിലും നമിറ പള്ളിയിലും ജബലുർറഹ്മയിലും അതിന്റെ മലഞ്ചെരിവുകളിലും നിലകൊണ്ടു. 165 രാജ്യങ്ങളിൽ നിന്ന് 24.5 ലക്ഷത്തോളം തീർഥാടകർ അറഫയിൽ സംഗമിച്ചു എന്നാണ് കണക്ക്. ശനിയാഴ്ച രാത്രി മുസ് ദലിഫയിലേക്ക് നീങ്ങിയ തീർഥാടകർ അവിടെ രാപ്പാർത്തശേഷം
ഞായറാഴ്ച പുലർച്ചയോടെ പൈശാചികതക്കെതിരായ കല്ലേറിന് മിനാ പരിസരത്തെ ജംറത്തുൽ അഖ്ബയിലേക്ക് നീങ്ങും. തുടർന്ന് ബലികർമം കൂടി നടത്തുന്ന ഹജ്ജിന്റെ സുപ്രധാനകർമങ്ങൾക്ക് അർധവിരാമമാകും. ഹജ്ജിലെ ഏറ്റവും തിരക്കേറിയ ദിനമാണ് ദുൽഹജ്ജ് 10 (ഞായറാഴ്ച). അന്ന് മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണവും സഫ മർവക്കിടയിലുള്ള ഓട്ടവും പൂർത്തിയാക്കി ഹാജിമാർ മിനായിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.