2030ഓടെ വാതക ഉൽപാദനം 60 ശതമാനം വർധിപ്പിക്കാൻ അരാംകോ
text_fieldsയാംബു: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ 2030 ആകുന്നതോടെ വാതക ഉൽപാദനം 50 ശതമാനം മുതൽ 60 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. സൗദി അരാംകോയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എൻജി. അമീൻ നാസറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വ്യവസായങ്ങളുടെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി വാതക ഉൽപാദനവും ഊർജ ഉൽപാദനവും വർധിപ്പിക്കുക എന്നത് അരാംകോയുടെ ലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാതക ഉൽപാദനം പ്രതിദിനം 130 ലക്ഷം ബാരലിലെത്തിക്കുക എന്നതാണ് അരാംകോയുടെ ലക്ഷ്യമെന്നും ഓസ്ട്രിയയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് (ഒപെക്) രാജ്യങ്ങളുടെ അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ ബ്ലൂ ഹൈഡ്രജൻ ഉൽപാദനം ഒരു കോടി 10 ലക്ഷം ടണ്ണിലെത്തിക്കാനും കാർബൺ സംഭരണം വർധിപ്പിക്കാനും അരാംകോ പദ്ധതി ആവിഷ്കരിക്കുന്നു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030നെ പിന്തുണക്കാൻ അരാംകോ ലക്ഷ്യമിടുന്നു. എൻജിനുകൾ, കപ്പലുകൾ, സമുദ്ര വ്യവസായങ്ങൾ എന്നിവയുടെ നിർമാണം പോലുള്ള നിരവധി വ്യവസായങ്ങൾക്ക് ആവശ്യമായ വാതകങ്ങളും ഊർജ ഉൽപാദനവും നൽകാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അരാംകോ സി.ഇ.ഒ ചൂണ്ടിക്കാട്ടി.
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ എണ്ണ, വാതകം, ശുദ്ധമായ ഊർജം എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ തന്ത്രപരമായ പദ്ധതികളെക്കുറിച്ച് ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. 4,000 കിലോമീറ്റർ ഗ്യാസ് പൈപ്പ്ലൈനുകൾ ചേർത്ത് വാതക ഉൽപാദനം 60 ശതമാനം വർധിപ്പിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് നിലവിൽ വികസനത്തിന്റെ വിവിധ മേഖലകളിൽ നിരവധി പ്രോജക്ടുകൾ ഉണ്ടെന്നും എണ്ണ ഉൽപാദന ശേഷി വർധിപ്പിക്കാൻ നടപടികൾ കൈക്കൊള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021 അവസാനത്തിൽ രാജ്യത്തിന്റെ എണ്ണ വാതക ശേഖരം 337.3 ശതകോടി ബാരൽ ആയിരുന്നത് 2022 അവസാനത്തിൽ 0.3 ശതമാനം വർധിച്ച് 338.4 ശതകോടി ബാരലിലെത്തിയത് വൻ നേട്ടമായി. 2022ൽ പ്രകൃതിവാതക ശേഖരം 2.2 ശതമാനം വർധിച്ചതിന്റെ ഫലമായാണ് മൊത്തം എണ്ണ, വാതക കരുതൽ ശേഖരത്തിൽ വർധനയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.