അരാംകോയുടെ ത്രൈമാസ ലാഭം 113 ശതകോടി റിയാൽ
text_fieldsയാംബു: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അറ്റാദായം ഈ വർഷം രണ്ടാം പാദത്തിൽ 37.89 ശതമാനം കുറഞ്ഞ് 112.81 ശതകോടി റിയാലായി. ആദ്യ പാദത്തിൽ ഇത് 119.54 ശതകോടി റിയാലായിരുന്നു.
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 181.64 ശതകോടി റിയാലായിരുന്നു അറ്റാദായം. ഈ വർഷം ആറുമാസത്തെ കമ്പനിയുടെ അറ്റാദായം 232.35 ശതകോടി റിയാലാണെന്നും അരാംകോ വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 329.67 ശതകോടി റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 29.5 ശതമാനം കുറവാണ്.
അസംസ്കൃത എണ്ണയുടെ വിലക്കുറവും ശുദ്ധീകരണ പ്രക്രിയയുടെയും രാസവസ്തുക്കളുടെയും ലാഭവിഹിതം കുറയുന്നതുമാണ് ഇതിന് കാരണം. ഈ വർഷം രണ്ടാം പാദത്തിൽ 110.18 ശതകോടി റിയാൽ ഓഹരിയുടമകൾക്ക് ലാഭവിഹിതമായി വിതരണം ചെയ്യാൻ വകയിരുത്തി.
വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും പൊരുത്തപ്പെടാനുള്ള അരാംകോയുടെ പ്രാപ്തി പ്രതിഫലിപ്പിക്കാൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണെന്ന് അരാംകോയുടെ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എൻജിനീയർ അമിൻ അൽ നാസർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കും ഞങ്ങളുടെ ഓഹരിയുടമകൾക്കും മൂന്നാം പാദത്തിലെ പ്രകടനവുമായി ബന്ധപ്പെട്ട ആദ്യ ലാഭവിഹിതം വിതരണം ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൂഡ് ഓയിലും ഗ്യാസും ഉൽപാദിപ്പിക്കാനുള്ള അരാംകോയുടെ ശേഷി വർധിപ്പിക്കുക, വിപുലീകരണം പോലുള്ള പെട്രോകെമിക്കൽ പ്രോജക്ടുകളിലൂടെ റിഫൈനിങ്, കെമിക്കൽസ്, മാർക്കറ്റിങ് മേഖലകളിൽ ബിസിനസ് വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.