അറാറിലെ കാത്തിരിപ്പ് കഴിഞ്ഞ് അവർ അൽഖോബാറിലേക്ക്
text_fieldsദമ്മാം: അറാറിലെ അനിശ്ചിതമായ കാത്തിരിപ്പിനൊടുവിൽ 60 ഇന്ത്യൻ തൊഴിലാളികൾ അൽഖോബാ റിലെ കമ്പനി ആസ്ഥാനത്ത് എത്തി. താമസ രേഖയും മാസങ്ങളോളം ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളാണ് അറാറിൽ നിന്ന് ദമ്മാമിലെത്തിയത്. എട്ടു മാസത്തെ യാതനകൾക്കും നിയമ പോരാട്ടത്തിനും ശേഷമാണ് ഇവർ അൽഖോബാറിലേക്ക് വന്നത്. കിട്ടാനുള്ള കുടിശ്ശിക കൈപ്പറ്റി എത്രയുംവേഗം നാടണയാനുള്ള തത്രപ്പാടിലാണവർ. ദമ്മാമിലെ അൽഖോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്ലീനിങ് കമ്പനിയുടെ അറാർ ബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്നു 60 പേരും. എട്ട് മാസമായി ശമ്പളവും സൗകര്യങ്ങളും ഒന്നുമില്ലാതെ പ്രയാസത്തിലാണ്.
അറാർ പ്രവാസി സംഘമാണ് ഇവരെ സഹായിച്ചത്. ഇവർക്കായി സംഘം പല ഇടപെടലും നടത്തിയെങ്കിലും കമ്പനി അധികൃതർ തിരിഞ്ഞുനോക്കിയില്ല. നാട്ടിലും സൗദിയിലും വിവിധ കാര്യാലയങ്ങളിലുള്ളവരെ തങ്ങളുടെ പരാതികൾ അറിയിച്ചെങ്കിലും കാര്യമായ പരിഹാരമുണ്ടായില്ല. എംബസിയുടെയും സാമൂഹിക സംഘടനകളുടെയും സഹായം പ്രതീക്ഷിച്ചാണിവർ അറാറിൽ നിന്ന് കമ്പനിയുടെ ആസ്ഥാനം കൂടിയായ ദമ്മാമിലെത്തിയത്.
കഴിഞ്ഞ ജനുവരി മുതൽ ഇവർക്ക് ജോലിയും ശമ്പളവുമില്ല. രണ്ടും മൂന്നും വർഷമായി താമസരേഖ പുതുക്കിയിട്ടില്ല. അറാറിലെ പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് വിശപ്പടക്കാനായത്. വൃക്കരോഗിയായ യു.പി സ്വദേശി അലാവുദ്ദീനും ജോലിക്കിടെ അപകടം പിണഞ്ഞവരും കൂട്ടത്തിലുണ്ട്. അഞ്ചും പത്തും വർഷമായി കമ്പനിയിൽ ജോലി ചെയ്ത ഇവർ രാവും പകലും തള്ളിനീക്കുകയാണ്. അറാർ ബ്രാഞ്ചിൽ നിന്നുള്ളവർ മാത്രമല്ല, സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ക്യാമ്പിലുണ്ട്.
2016ൽ ജോലി നഷ്ടപ്പെട്ട് രണ്ടു വർഷത്തോളം ക്യാമ്പിൽ തങ്ങിയ 200 തൊഴിലാളികൾ കഴിഞ്ഞ ആഗസ്റ്റിലാണ് നാടണഞ്ഞത്. ഇപ്പോൾ 150 പേർ ക്യാമ്പിലുണ്ട്. കാത്തിരിക്കുന്ന കുടുംബങ്ങളെയോർത്ത് ഇവരുടെ നെഞ്ചു നീറുകയാണ്. കുടുംബത്തിെൻറ ഭാവി, മക്കളുടെ വിദ്യാഭ്യാസം, പ്രായമായ രക്ഷിതാക്കളുടെ അവസ്ഥകളൊക്കെ ആലോചിച്ച് നെടുവീർപ്പിടാനേ ഇവർക്കാവുന്നുള്ളൂ.
ദമ്മാമിലെത്തിയ ഉടനെ സഫ്വയിലെ ക്യാമ്പിലേക്ക് പോകാനാണ് കമ്പനി അധികൃതർ പറഞ്ഞത്. എന്നാൽ, അത്രയും ദൂരെ പോകാൻ തയാറാകാതിരുന്ന തൊഴിലാളികളോട് ദമ്മാമിലെ ക്യാമ്പിൽ താമസിക്കാൻ പറയുകയായിരുന്നു. 20 ദിവസം കൂടി കാത്തിരിക്കാനാണ് ഇപ്പോൾ കമ്പനി പറയുന്നതെന്ന് ക്യാമ്പ് സന്ദർശിച്ച സാമൂഹിക പ്രവർത്തകരായ എം.കെ. ഷാജഹാൻ, ഷമീർ വണ്ടൂർ എന്നിവരോട് തൊഴിലാളികൾ പറഞ്ഞു. ഇവർക്കാവശ്യമായ ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.