അൽഖസീം മേഖലയിൽ പുരാവസ്തു ഉദ്ഖനനം ആരംഭിച്ചു
text_fieldsജുബൈൽ: സൗദി അറേബ്യയുടെ ചരിത്ര പെരുമ അന്വേഷിക്കാനും പൈതൃക, സാംസ്കാരിക കേന്ദ്രങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അൽഖസീം പ്രവിശ്യയിൽ പുരാവസ്തു ഉദ്ഖനന പദ്ധതിയുടെ ആദ്യഘട്ടം ഹെറിറ്റേജ് കമീഷെൻറ നേതൃത്വത്തിൽ ആരംഭിച്ചു. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിലെ പ്രമുഖ പട്ടണമായിരുന്ന അൽഖസീം ഇസ്ലാമിെൻറ ഉയർച്ചക്ക് ശേഷം കൂടുതൽ പ്രശസ്തിയും പ്രാധാന്യവും നേടുകയായിരുന്നു.
രണ്ടാം ഖലീഫ ഉമർ ബിൻ അൽഖത്താബിെൻറ കാലഘട്ടത്തിനുശേഷം അറേബ്യയിലെ ഏറ്റവും വലിയ സങ്കേതങ്ങളുടെ കേന്ദ്രമെന്ന നിലയിൽ അൽഖസീം വികസിച്ചു. ഇവിടം പിന്നീട് 'ഹിമാ ദറഇയ' എന്നറിയപ്പെട്ടു. ഇറാഖിലെ ബസറയിൽ നിന്ന് മക്കയിലേക്കുള്ള തീർഥാടന പാതയിലെ ഏറ്റവും വലിയ പ്രധാനപ്പെട്ട താവളമായി മാറി. വിവിധ ഭൂമിശാസ്ത്ര, ചരിത്ര, സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ദറഇയ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ പുരാവസ്തു സർവേകളും ഉദ്ഖനനങ്ങളും പുനരാരംഭിക്കാൻ സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, ഹെറിറ്റേജ് കമീഷെൻറ ഡയറക്ടർ ബോർഡ് ചെയർമാൻ എന്നിവരുടെ നിർദേശങ്ങളെ തുടർന്നാണ് നടപടി. പദ്ധതിയിലൂടെ പുരാതന നഗരങ്ങളുടെ ചരിത്രപരമായ ക്രമം നിർണയിക്കാനും സ്മാരകങ്ങളും കരകൗശല വസ്തുക്കളും കണ്ടെത്തുന്നതിനും കമീഷൻ ശ്രമം തുടരുന്നതിെൻറ ഭാഗമാണിത്.
ഈ പ്രദേശത്തിെൻറ നാഗരിക അഭിവൃദ്ധിയുടെ നിലവാരവും മറ്റ് പ്രദേശങ്ങളുമായുള്ള ബന്ധവും പഠന വിധേയമാക്കും. മനുഷ്യ നാഗരികതയിലും പ്രത്യേകിച്ച് ഇസ്ലാമിക കാലഘട്ടത്തിലും സൗദി അറേബ്യയുടെ സാംസ്കാരിക പങ്ക് എടുത്തുകാണിക്കുന്നതിനാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.