അൽസൗദ പദ്ധതി പരിധിയിൽ പുരാവസ്തു സർവേ നടത്തും
text_fieldsജിദ്ദ: അസീർ മേഖലയിലെ അൽസൗദ പദ്ധതിയുടെ പരിധിയിൽ പുരാവസ്തു സർവേ നടത്താൻ ധാരണ. പൊതു നിക്ഷേപ ഫണ്ട് കമ്പനികളിലൊന്നായ അൽസൗദ വികസന കമ്പനിയുമായി സൗദി പുരാവസ്തു അതോറിറ്റിയാണ് ധാരണയിലെത്തിയത്. അൽസൗദ വികസന കമ്പനി സി.ഇ.ഒ എൻജി. ഹുസാമുദ്ദീൻ അൽമദനിയും പുരാവസ്തു അതോറിറ്റി സി.ഇ.ഒ ഡോ. ജാസിർ അൽഹർബഷുമാണ് കരാറിൽ ഒപ്പുവെച്ചത്. ദേശീയ പൈതൃകവും പുരാവസ്തു കേന്ദ്രങ്ങളും വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, അവ വിനോദസഞ്ചാര വികസനത്തിന് ഗുണകരമാകുംവിധം ഫലപ്രദമായി കൈകാര്യം ചെയ്യുക, സർക്കാർ, സ്വകാര്യ ഏജൻസികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് ധാരണയുടെ ലക്ഷ്യം. 180 ദിവസം നീളുന്ന സർവേ നാലു ഘട്ടങ്ങളിലായാണ് നടക്കുക.
പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ മാനുഷികവും സാങ്കേതികവും സാമ്പത്തികവുമായ ആവശ്യകതകൾ സമർപ്പിക്കലാണ് ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടം പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിലെ പുരാവസ്തു, പൈതൃക സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡേറ്റ, ഭൂപടങ്ങൾ, ഫോട്ടോകൾ എന്നിവയുടെ ശേഖരണവും ഇൻവെൻററിയുമാണ്. മൂന്നാം ഘട്ടത്തിൽ അൽസൗദ പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ സാംസ്കാരിക പൈതൃകങ്ങളായ പുരാവസ്തു സ്ഥലങ്ങൾ, പ്രാചീന കെട്ടിടങ്ങൾ, നഗര പൈതൃക സ്ഥലങ്ങൾ എന്നിവയുടെ സമഗ്രമായ പുരാവസ്തു-ഡോക്യുമെൻററി സർവേ നടത്തുകയും അത് സംരക്ഷിക്കാനും പുനരുദ്ധരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും.
നാലാമത്തെയും അവസാനത്തെയും ഘട്ടത്തിൽ മുൻഘട്ടത്തിലെ പുരാവസ്തു സർവേയുടെ ശാസ്ത്രീയ പ്ലാനിന്റെ ഫലത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത പുരാവസ്തു സ്ഥലങ്ങളിൽ ഗവേഷണം നടത്തലാണ്. സർവേക്കും പുരാവസ്തു ഖനന പ്രവർത്തനങ്ങൾക്കും ആവശ്യമായ ധനസഹായവും ലോജിസ്റ്റിക്കൽ സേവനങ്ങളും നൽകുന്നതിന്റെ ഉത്തരവാദിത്തം അൽസൗദ വികസന കമ്പനിക്കാണ്. മേഖലയിലെ സർവേയിങ്, പുരാവസ്തു, പൈതൃക ഉദ്ഖനനങ്ങൾ എന്നിവയുടെ സാങ്കേതിക ചുമതലകൾ പുരാവസ്തു അതോറിറ്റിക്കായിരിക്കും.
2030ഓടെ വർഷം രണ്ടു ദശലക്ഷം വിനോദ സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ അൽസൗദ മേഖലയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുന്ന എല്ലാ സാധ്യതകളെയും പിന്തുണക്കാനും മെച്ചപ്പെടുത്താനുമാണ് അൽസൗദ വികസന കമ്പനി പ്രവർത്തിക്കുന്നതെന്ന് സി.ഇ.ഒ പറഞ്ഞു.
അസീർ മേഖലയിലെ അൽസൗദ പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ പുരാവസ്തു സർവേ പദ്ധതി നടപ്പാക്കുക ഇരുകക്ഷികളും തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങളിലൂടെയായിരിക്കുമെന്ന് പുരാവസ്തു അതോറിറ്റി സി.ഇ.ഒ പറഞ്ഞു. സംയുക്ത സംഘങ്ങളെ രൂപവത്കരിച്ചാണ് ഇത് ചെയ്യുക. ഒന്നിലധികം സമഗ്രമായ സർവേ ഘട്ടങ്ങളും ടാർഗറ്റ് ഏരിയയിലെ പുരാവസ്തു ഉദ്ഖനന പ്രവർത്തനങ്ങളും ധാരണയിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.