സൗദി വടക്കൻമേഖലയിൽ പുരാവസ്തു സർവേ ആരംഭിച്ചു
text_fieldsജുബൈൽ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെയും അൽജൗഫ് പ്രവിശ്യയിലെയും ശിലാ ഘടനകളെക്കുറിച്ചുള്ള പുരാവസ്തു സർവേയുടെ ആദ്യഘട്ടം സൗദി നാഷനൽ ഹെറിറ്റേജ് അതോറിറ്റി ആരംഭിച്ചു.ഏറ്റവും പ്രാചീനമായ വലിയ ശിലാഘടനകൾ, അവയുടെ ആകൃതി, വലുപ്പം, പഴക്കം എന്നിവയുടെ കണക്കെടുക്കാനുള്ള പദ്ധതിയാണിത്.
സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശിലകളുടെ സ്വഭാവത്തെയും അവയുടെ രൂപപ്പെടലിനെ സ്വാധീനിച്ച പാരിസ്ഥിതിക, സാംസ്കാരിക, സാമൂഹിക അവസ്ഥകളെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാനും ശിലായുഗ കാലഘട്ടത്തെക്കുറിച്ചുള്ള അറിവ് പൊതുവായി വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സർവേ വഴി മനുഷ്യെൻറ നാഗരികതയുടെ വികാസത്തിൽ പ്രദേശങ്ങളും അവിടത്തെ ജനങ്ങളും വഹിച്ച പങ്ക് എടുത്തുകാണിക്കുന്നതിനൊപ്പം ശിലാഘടനകളെ രേഖപ്പെടുത്തുകയും അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും.
കൂടാതെ പരിസ്ഥിതി, സാംസ്കാരിക, ടൂറിസം മേഖലകളിലും ഈ വിവരങ്ങൾ ഉപയോഗിക്കും.അന്താരാഷ്ട്ര സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ശിലാ ഘടനകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതെന്ന് ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.