അബഹ താഴ്വരയിൽ വിനോദസഞ്ചാര വികസനത്തിന് ‘അർദാര’ കമ്പനി ആരംഭിച്ച് കിരീടാവകാശി
text_fieldsജിദ്ദ: സൗദി അറേബ്യയുടെ പ്രധാന ടൂറിസം മേഖലയായ അസീർ പ്രവിശ്യയിൽ ‘വാദി അബഹ’ (അബഹ താഴ്വര)യിൽ വിനോദസഞ്ചാര വികസനത്തിന് ‘അർദാര’ എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. സൗദി കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്.
കമ്പനിയുടെ ആദ്യ പദ്ധതികളിലൊന്നാണ് വാദി അബഹ. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യം. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് വാദി അബഹ പദ്ധതി. അസീർ പ്രവിശ്യയുടെ പൈതൃകം, പുരാതന ചരിത്രം എന്നിവയെ ഉൾക്കൊണ്ടുള്ള എൻജിനീയറിങ്, നാഗരിക സംസ്കാരം എന്നിവ പ്രതിഫലിപ്പിക്കുന്നതാവും ഇത്.
പദ്ധതി പ്രദേശത്തിെൻറ 30 ശതമാനത്തിലധികം സ്ഥലത്ത് തുറസ്സായ ഹരിത ഇടങ്ങൾ, 16 കിലോമീറ്റർ ചുറ്റളവിൽ ജലാശയം, 17 കിലോമീറ്റർ ദൈർഘ്യത്തിൽ കായിക പാതകൾ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയാണ് ഈ പദ്ധതിക്ക് കീഴിൽ നിർമിക്കുക. ഇത് സുസ്ഥിര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ജീവിത നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
അബഹ താഴ്വരയിലെ സവിശേഷ സ്വഭാവമുള്ള അഞ്ച് പ്രധാന മേഖലകൾ വികസിപ്പിക്കാൻ കമ്പനി പ്രവർത്തിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. ഉയർന്ന നിലവാരത്തിൽ ആധുനിക സവിശേഷതകളോട് കൂടിയ അപ്പാർട്ടുമെൻറുകളും വില്ലകളും ഒപ്പം 2000 വൈവിധ്യമാർന്ന മറ്റ് താമസ സൗകര്യങ്ങളും നിർമിക്കപ്പെടും.
എല്ലാത്തരം താമസ സംവിധാനങ്ങളും വിവിധ വിനോദ ഉപകരണങ്ങളും സൗകര്യങ്ങളും വേദികളും ഈ പദ്ധതിയിൽ ഉൾപ്പെടും. ആഡംബര ഹോട്ടലുകൾ, വാണിജ്യ ഇടങ്ങൾ, ബിസിനസ് മേഖലകൾ എന്നിവയുമുണ്ടാകും. ഇവ പ്രദേശത്തെ പരമ്പരാഗത വാസ്തുവിദ്യ ശൈലിക്ക് അനുയോജ്യമായി ഏറ്റവും ഉയർന്ന നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ഹോസ്പിറ്റാലിറ്റി, കല, സംസ്കാരം, ഭക്ഷണം, കൃഷി, റീട്ടെയിൽ, വിനോദം തുടങ്ങി നിരവധി മേഖലകളിൽ പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപകർക്ക് നിരവധി അവസരങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായി കൈകോർത്ത് ഈ മേഖലയിൽ അവരുടെ പങ്കാളിത്തം കൂട്ടാനും പദ്ധതി അവസരം തുറന്നിടുന്നുണ്ട്.
ടൂറിസം, വിനോദ മേഖലകൾ എന്നിവയുമുൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളുടെ ശേഷികൾ വിപുലമാക്കാനും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമുള്ള പൊതുനിക്ഷേപ നിധിയുടെ തന്ത്രത്തിന് അനുസൃതമായാണ് അർദാര കമ്പനി സ്ഥാപിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. 2030 വരെ 19 ശതകോടി റിയാലിലധികം എണ്ണയിതര ആഭ്യന്തര ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിന് പദ്ധതി സംഭാവന ചെയ്യും.
2030ഓടെ മേഖലയിലെ ജനങ്ങൾക്കും താമസക്കാർക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2021ൽ കിരീടാവകാശി പ്രഖ്യാപിച്ച ‘കിമമ് ആൻഡ് ഷൈം’ എന്ന അസീർ മേഖലയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.