അർജന്റീനിയൻ കലോത്സവം റിയാദിൽ
text_fieldsജിദ്ദ: സൗദി തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി റിയാദിൽ അർജന്റീനിയൻ കലോത്സവം സംഘടിപ്പിക്കുന്നു. അർജന്റീന, മറ്റു തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ പാരമ്പര്യ കലാപരിപാടികൾ ഒക്ടോബറിൽ ആരംഭിക്കും. 10 ആഴ്ച നീളും.
ലോകത്തെ ജനങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങളെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സാംസ്കാരിക വൈവിധ്യം ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് ഇങ്ങനെയൊരു പരിപാടി അതോറിറ്റി സംഘടിപ്പിക്കുന്നത്.
പെയിന്റിങ് ഉൾപ്പെടെ 10 അർജന്റീനിയൻ കലാപരിപാടികൾ അരങ്ങേറും. സിൻഡ്രെല്ല, ആലീസ് ഇൻ വണ്ടർലാൻഡ്, ദ ഗ്രേറ്റ് മാജിക്, മറ്റ് ഷോകൾ എന്നിവയും ഇതിലുൾപ്പെടും. ഒക്ടോബർ മൂന്നിനാണ് ഉദ്ഘാടനം. അന്ന് ആദ്യ അർജന്റീനിയൻ കലാപരിപാടി അരങ്ങേറും.
റിയാദിലെ അമീറ നൂറ സർവകലാശാലയിലെ ബ്ലൂ തിയറ്ററിൽ ഡിസംബർ ഒമ്പതുവരെ തുടരും. ഓരോ ഷോയും ആഴ്ചയിൽ അഞ്ചു ദിവസം എന്ന നിലയിൽ 10 ആഴ്ച നീളും. ഷോയുടെ കാലയളവിലുടനീളം വിവിധ പ്രായത്തിലുള്ള 10,000 സന്ദർശകരെയെങ്കിലും ആകർഷിക്കുക എന്നതാണ് ഇവന്റ് ലക്ഷ്യമിടുന്നത്.
ആഗോള സംസ്കാരങ്ങളെ ഉത്സവവും രസകരവുമായ രൂപങ്ങളിൽ അവതരിപ്പിക്കുന്ന അർജന്റീനിയൻ പ്രകടനങ്ങൾക്കൊപ്പം തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി ആമുഖ പ്രദർശനം നടത്തും. അർജന്റീനിയൻ പരിപാടികളുടെ ആശയവും ലക്ഷ്യവും പ്രകടിപ്പിക്കുന്നതായിരിക്കും അത്.
കൂടാതെ പ്രാദേശിക അർജന്റീനിയൻ, ലാറ്റിനമേരിക്കൻ റസ്റ്റാറന്റുകളുടെ ഏറ്റവും രുചികരമായ വിഭവങ്ങൾ ഉണ്ടാ
യിരിക്കും.
പ്രത്യേകം രൂപകൽപന ചെയ്ത ഫോട്ടോഗ്രഫി കോർണറുകളും അർജന്റീനിയൻ ഉൽപന്നങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന ഒരു സ്റ്റോറുമുണ്ടാകും.
അർജന്റീനിയൻ പ്രകടനങ്ങളിലൂടെ സമൂഹത്തിൽ നാടകത്തെയും പ്രകടന കലകളെയും കുറിച്ചുള്ള സാംസ്കാരിക അവബോധത്തിന്റെ നിലവാരം ഉയർത്തുക, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രകടനങ്ങൾ ആകർഷിച്ചുകൊണ്ട് സാംസ്കാരിക ഉള്ളടക്കം സമ്പന്നമാക്കുക, ലോക സംസ്കാരങ്ങളെ സൗദിയിലെ പ്രേക്ഷകർക്കും സംസ്കാരത്തിനും പരിചയപ്പെടുത്തുക, വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്തർദേശീയ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുക എന്ന സാംസ്കാരിക മന്ത്രാലയത്തിന്റെ താൽപര്യം പ്രതിഫലിപ്പിക്കുക എന്നതും അതോറിറ്റി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.