മനം നിറച്ച് മനാഫ്
text_fieldsഅദ്ദേഹം മീഡിയകളോട് പറയുന്ന വാക്കുകൾ ഹൃദയമുള്ളവർക്ക് നിറകണ്ണുകളോടെയല്ലാതെ കാണാനോ കേൾക്കാനോ കഴിയില്ല. അർജുന്റെ അമ്മക്കും കുടുംബത്തിനും കൊടുത്ത വാക്ക് പാലിക്കാൻ ആളും ആരവവും ഒഴിഞ്ഞിട്ടും ഗംഗാവാലി പുഴയിലേക്ക് കണ്ണും നട്ട് കാത്തിരുന്നു ആ മനുഷ്യൻ. അർജുനെ കണ്ടെത്തിയിട്ട് വണ്ടിയും തടിയും എല്ലാം ആ വെള്ളത്തിൽ തന്നെ കളഞ്ഞോളൂ എന്നാണ് മനാഫ് പറഞ്ഞത്. മരണം സംഭവിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ തന്നെ കുടുംബവും കൂട്ടുകാരും മറക്കുന്ന ഈ ലോകത്ത് മനാഫ് എന്ന മനുഷ്യൻ ഉള്ളം നിറക്കുന്നു.
ജോലിക്കാരെ യന്ത്രം മാത്രമായി കാണുന്നവർക്കും വർഗീയത പുലമ്പുന്നവർക്കും ഒന്ന് കിടന്നാൽ ഇട്ടേച്ചുപോവുന്ന കൂട്ടുകാർക്കും അങ്ങനെ പലർക്കും മനാഫ് ഒരു മാതൃകയാണ്, പാഠ പുസ്തകമാണ്. എന്തെല്ലാമാണ് സോഷ്യൽ മീഡിയയിൽ അയാളെ പറ്റി ഇല്ലാ കഥകൾ മെനഞ്ഞത്, ഇകഴ്ത്തിയത്. ഈ സമൂഹത്തോട് കടപ്പാടുണ്ടെങ്കിൽ അർജുന്റെ കുടുംബത്തോടും മനാഫിനോടും മാപ്പ് പറയുക. പ്രിയപ്പെട്ട മനാഫെ അങ്ങയുടെ വണ്ടിയുടെ വളയം പിടിക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്.
ജീവനില്ലാത്ത, മനുഷ്യ രൂപം പോലും നഷ്ടപ്പെട്ടിട്ടുണ്ടാവും എന്നുറപ്പുള്ള ഒരാൾക്കുവേണ്ടി സമയവും സംവിധാനങ്ങളും എന്തിന് നഷ്ടപ്പെടുത്തുന്നു എന്നുവരെ ചോദിച്ചവരുണ്ട്, മനുഷ്യത്വം എന്നൊന്നുണ്ട്, മൃതദേഹത്തോട് കാണിക്കേണ്ട യുക്തിക്കപ്പുറം നിൽക്കുന്ന ചില മര്യാദകളും ബഹുമാനവുമുണ്ട്, അതുകൊണ്ടാണല്ലോ വയനാട്ടിൽ നമ്മൾ മണ്ണ് മാറ്റി കഴുകി വൃത്തിയാക്കി വീണ്ടും മണ്ണിലേക്ക് തന്നെ വെച്ചത്, അല്ലെങ്കിൽ അവരവരുടേതായ ആചാരങ്ങൾക്കനുസരിച്ച് സംസ്കരിച്ചത്.
സമയത്തുണ്ണാനോ ഉറങ്ങാനോ കഴിയാത്ത ഡ്രൈവർമാർക്ക് മനാഫിനെപ്പോലൊരു മുതലാളി മതി ക്ഷീണം മറക്കാനും മനസ്സും വയറും നിറക്കാനും. ഇന്നത്തെ ട്രിപ്പ് കഴിഞ്ഞ് വാഹനത്തിലിരുന്ന് ഇതെഴുതുമ്പോൾ എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടായാൽ അങ്ങേക്ക് തരാനൊരു മുത്തം സൂക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.