സുഡാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ സായുധാക്രമണം; അപലപിച്ച് വിദേശകാര്യ മന്ത്രാലയം
text_fieldsറിയാദ്: ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിലെ സൗദി അറേബ്യൻ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങൾക്കും നേരെ സായുധസംഘങ്ങളുടെ ആക്രമണം. ഖാർത്തൂമിലെ തങ്ങളുടെ എംബസി കെട്ടിടവും ഉദ്യോഗസ്ഥരുടെ വസതിയും സ്വത്തുക്കളും ആക്രമിച്ച് നശിപ്പിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
നയതന്ത്ര സ്ഥാപനങ്ങൾക്കും ദൗത്യങ്ങൾക്കും നേരെയുള്ള എല്ലാത്തരം അക്രമങ്ങളെയും അട്ടിമറികളെയും രാജ്യം പൂർണമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സുഡാനിൽ സമാധാനം കൈവരുന്നതും അവിടെയുള്ള സഹോദരങ്ങളുടെ സുരക്ഷയും സ്ഥിരതയും സ്ഥാപിതമാകുന്നതും തകർക്കാൻ ശ്രമിക്കുന്ന സായുധ സംഘങ്ങളെ നേരിടേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയിൽ എടുത്തുപറഞ്ഞു.
വിവേകത്തിനും ദേശീയ താൽപര്യത്തിനും മുൻഗണന നൽകാനും സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സൗദി-അമേരിക്കൻ സംരംഭത്തോട് ഗൗരവമായും ക്രിയാത്മകമായും പ്രതികരിക്കാനും മന്ത്രാലയം സുഡാനിൽ ഏറ്റുമുട്ടുന്ന സൈനിക വിഭാഗങ്ങളോട് ആവർത്തിച്ച് ആഹ്വാനം ചെയ്തു.
സുഡാനിലെ എംബസികൾ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ച സുഡാൻ സൈന്യം രാജ്യത്തെ വിദേശ നയതന്ത്ര സ്ഥാപനങ്ങൾക്കും ദൗത്യങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ നിന്ന് തങ്ങളെ തടയുന്നത് രാജ്യത്ത് നിലനിൽക്കുന്ന യുദ്ധസാഹചര്യമാണെന്ന് കഴിഞ്ഞയാഴ്ച ന്യായീകരിച്ചിരുന്നു.
സുഡാനിലെ സൗദി എംബസിക്ക് നേരെ നടന്ന ആക്രമണത്തെ കൈറോ ആസ്ഥാനമായ അറബ് പാർലമെന്റും അപലപിച്ചു. നയതന്ത്ര ദൗത്യങ്ങളോട് ബഹുമാനത്തോടെ വർത്തിക്കാനും കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താനും സുഡാനിൽ ഏറ്റുമുട്ടുന്ന സൈനിക വിഭാഗങ്ങളോട് അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽ അസ്സൂമി ആവശ്യപ്പെട്ടു. ആക്രമണത്തെ ജോർഡൻ ശക്തമായി അപലപിക്കുന്നതായി ഔദ്യോഗിക വാർത്ത ഏജൻസിയായ 'പെട്ര' റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയോട് ഐക്യദാർഢ്യം അറിയിച്ച ജോർഡൻ വിദേശകാര്യ മന്ത്രാലയ വക്താവ് സിനാൻ മജലി എല്ലാത്തരം നശീകരണ പ്രവർത്തനങ്ങളെയും, നയതന്ത്ര ആസ്ഥാനങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളെയും തങ്ങൾ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.