സുഡാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ സായുധാക്രമണം; ഒ.ഐ.സി അപലപിച്ചു
text_fieldsജിദ്ദ: സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ സൗദി എംബസി ആസ്ഥാനത്തിനും അതിനു ചുറ്റുമുള്ള ജീവനക്കാരുടെ വസതികൾക്കും നേരെയുണ്ടായ ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.
നയതന്ത്ര കെട്ടിടങ്ങൾക്കും പാർപ്പിടങ്ങൾക്കും നേരെ ആവർത്തിച്ചുവരുന്ന സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ ഏറെ ഗൗരവമാണ്. എന്തു വിലകൊടുത്തും അവ അവസാനിപ്പിക്കാൻ ആഗോളതലത്തിൽ ശ്രമങ്ങൾ നടക്കേണ്ടത് അനിവാര്യമാണ്. സുഡാനിൽ ശാശ്വതമായ സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ കൂട്ടായ ശ്രമങ്ങളുടെ ആവശ്യകതയും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ഊന്നിപ്പറഞ്ഞു.
സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷത്തിൽ തലസ്ഥാന നഗരമായ ഖർത്തൂമിലെ ജനജീവിതം വീണ്ടും ദുസ്സഹമായിരിക്കുകയാണ്. ഏപ്രിൽ 15ന് ആരംഭിച്ച സംഘർഷത്തിൽ ഇതിനകം നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം കുറച്ചു ദിവസങ്ങൾ താൽക്കാലിക വെടിനിർത്തൽ ഉടമ്പടി നടത്തിയതിൽ ആഗോള സമൂഹം പ്രതീക്ഷയിൽ കഴിയുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. വെടിനിർത്തൽ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജിദ്ദയിൽ നടന്ന സമാധാന യോഗത്തിൽ പ്രത്യേക സമിതിക്ക് വരെ നേരത്തേ രൂപം നൽകിയിരുന്നു.
സുഡാനിലെ സൈന്യം, അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്), സൗദി അറേബ്യ, അമേരിക്ക എന്നിവയുടെ പ്രതിനിധികൾ അംഗങ്ങളാണ്. പുതിയ ഉടമ്പടി നീക്കങ്ങൾ സുഡാനിൽ ശാശ്വതമായ സമാധാനാന്തരീക്ഷത്തിന് വഴിവെക്കുമെന്ന പ്രതീക്ഷ പുലർത്തുന്നതിനിടയിലാണ് വീണ്ടും ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട് വരുന്നത്.
രാജ്യത്തെ വിവിധ രാജ്യങ്ങളുടെ എംബസികളും ആരാധനാലയങ്ങളും കുറച്ചു കാലമായി പൂട്ടിയിട്ടിരിക്കുകയാണ്. നേരത്തേ ഉണ്ടാക്കിയ ഉടമ്പടി സുഡാനിലെ പോരാട്ടം ഇല്ലായ്മ ചെയ്യാനും മാനുഷിക പ്രതിസന്ധികൾക്ക് ഏറെ ആശ്വാസം നൽകാനും ഉപകരിക്കുമെന്ന് വിവിധ കോണുകളിൽനിന്ന് ആശ്വാസംകൊള്ളുന്നതിനിടയിൽ നടന്ന ആക്രമണം ഏറെ അപലപനീയമാണെന്ന് സൗദിയിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിട്ടുണ്ട്.
സുഡാനിൽ സ്ഥിരമായ വെടിനിർത്തലിനും സായുധ പോരാട്ടം അവസാനിപ്പിക്കുന്നതിനും ഫലപ്രദമായ കരാർ ഉണ്ടാവേണ്ടതും അത് പാലിക്കുന്നത് ഉറപ്പുവരുത്താൻ പ്രത്യേക സമിതിയും ഇപ്പോൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹിസ്സൈൻ ഇബ്രാഹിം താഹ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.