അണിനിരന്നത് മൂവായിരത്തോളം വളന്റിയർമാർ; ഹജ്ജ് സേവനം പൂർത്തിയാക്കി കെ.എം.സി.സി
text_fieldsറിയാദ്: ചരിത്രദൗത്യം പൂർത്തിയാക്കി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. ഹജ്ജ് സേവനം പൂർത്തിയാക്കി മൂവായിരത്തോളം വളന്റിയർമാർ മിനയോട് വിടപറഞ്ഞു. സൗദി ഹജ്ജ് സെല്ലിന്റെ കീഴിൽ മിന മിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കെ.എം.സി.സി നാഷനൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.
മക്കയിലേക്ക് മടങ്ങിയ ഹാജിമാർക്കുള്ള സേവനങ്ങളുമായി മക്ക കെ.എം.സി.സിയുടെ അഞ്ഞൂറിലധികം വളന്റിയർമാർ ഇനി അവസാന ഹാജിയും മക്കയിൽനിന്ന് വിടവാങ്ങുന്നത് വരെ രംഗത്തുണ്ടാകും. മദീനയിലെത്തുന്ന ഹാജിമാർക്ക് സേവനങ്ങളുമായി മദീന കെ.എം.സി.സിയുടെ അഞ്ഞൂറോളം പ്രവർത്തകരും രംഗത്തുണ്ട്. ജിദ്ദ വഴി മടങ്ങുന്ന ഹാജിമാർക്ക് ഹജ്ജ് ടെർമിനലിൽ ജിദ്ദ കെ.എം.സി.സിയുടെ വളന്റിയർ ടീമും അണിനിരക്കും.
ആദ്യ ഹജ്ജ് തീർഥാടകൻ ഹജ്ജ് ടെർമിനലിൽ ഇറങ്ങുന്നത് മുതൽ ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം കെ.എം.സി.സി വളന്റിയര്‍മാര്‍ സേവനസന്നദ്ധരായി അണിനിരന്നിരുന്നു. ജിദ്ദ, മക്ക, മദീന ഉൾപ്പടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി മികച്ച പരിശീലനം ലഭിച്ച സന്നദ്ധ സംഘം ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ മിന, അറഫ, മുസ്ദലിഫ, ഹറം പരിസരം, മശാഇര്‍ റെയിൽവേ എന്നിവിടങ്ങളില്‍ രാപ്പകലില്ലാതെ രംഗത്തുണ്ടായിരുന്നു. വഴിതെറ്റിയവർക്ക് വഴികാട്ടികളയും ഒറ്റപ്പെട്ടുപോയവർക്ക് തുണയായും രോഗബാധിതർക്ക് ആശ്രയമായും വിശന്നവർക്ക് കഞ്ഞിയും വെള്ളവുമായും അവർ വിളിപ്പുറത്തുണ്ടായിരുന്നു.
കെ.എം.സി.സി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള മക്ക, ജിദ്ദ, മദീന കമ്മിറ്റികൾ ആദ്യത്തെ ഹാജി മക്കയിലെത്തിയ നിമിഷം മുതൽ പുണ്യഭൂമിയിൽ കർമനിരതരായിരുന്നു. വിമാനത്താവളത്തിൽ കെ.എം.സി.സി എയർപോർട്ട് മിഷനാണ് സേവനം നൽകിയത്. ഇത്തവണ ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ വിമാനം എത്തിയത് മുതല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മാത്രമാണ് സേവനത്തിനുണ്ടായിരുന്നത്. ഹജ്ജ് ടെര്‍മിനലില്‍ നിയോഗിക്കപ്പെട്ട വളന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മക്കയിലെ കെ.എം.സി.സി ഭാരവാഹികൾ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കാഴ്ച്ച കണ്ട് അധികൃതർ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
സാങ്കേതികമായും മാനസികമായും പരിശീലനം ലഭിച്ച വളന്റിയര്‍മാരാണ് രംഗത്തുണ്ടായിരുന്നത്. ഇത്തവണ കേരളത്തിൽനിന്ന് മഹറമില്ലാതെ ഹജ്ജിനെത്തിയ മൂവായിരത്തോളം വനിത ഹാജിമാർക്ക് കെ.എം.സി.സിയുടെ പുരുഷ, വനിത വളൻറിയർമാർ സേവനം നൽകി. കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ വഴിതെറ്റിയവർക്കും രോഗങ്ങൾ മൂലം പ്രയാസം നേരിട്ടവർക്കും വളന്റിയർമാർ തുണയായി. മുഴുവൻ സമയമെന്നോണം ഇവരുടെ ടെന്റുകളിൽ മക്കയിലെയും ജിദ്ദയിലെയും വനിത കെ.എം.സി.സി വളന്റിയർമാരുണ്ടായിരുന്നു.
സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സൗദി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ചീഫ് കോഓഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ജിദ്ദ കെ.എം.സി.സി ഹജ്ജ് സെൽ വളന്റിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.