‘അരോയാ ക്രൂയിസസ്'; സൗദിയിൽ പുതിയ ആഡംബര യാത്രക്കപ്പൽ പുറത്തിറക്കി
text_fieldsജിദ്ദ: പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റ് (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിൽ ആഡംബര യാത്രാ കപ്പൽ സൗദിയിൽ പുറത്തിറക്കി. 'അരോയാ ക്രൂയിസസ്' എന്ന പേരിൽ പുറത്തിറങ്ങിയ കപ്പൽ ആദ്യ അറേബ്യൻ ക്രൂയിസ് ലൈൻ എന്ന നിലയിൽ കടലിലും കരയിലും അതിഥികൾക്ക് അറേബ്യൻ യാത്രാ അനുഭവങ്ങൾ വാഗ്ധാനം ചെയ്യുന്നതായി കപ്പൽ മാനേജ്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. സുഖസൗകര്യങ്ങളിലും ആഡംബരത്തിലും അതിഥികൾക്ക് അസാധാരണമായ അനുഭവങ്ങൾ നൽകിക്കൊണ്ട് അറേബ്യൻ രീതികളിലും സൗദി അറേബ്യയുടെ ആതിഥ്യ മര്യാദയെയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് കപ്പലിന്റെ രൂപകൽപ്പന. 3,362 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളാൻ കപ്പലിന് കഴിയും. കടലിനഭിമുഖമായുള്ള ബാൽക്കണി ക്യാബിനുകളും ആഡംബര സ്യൂട്ടുകളും വില്ലകളും ഉൾപ്പെടെ 1,678 ക്യാബിനുകളുള്ള 335 മീറ്റർ ഫ്ലോട്ടിംഗ് റിസോർട്ടാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്.
കൂടാതെ 18 ഡെക്കുകളിലായി 20 വിനോദ വേദികളുണ്ട്. 1,018 സീറ്റുകളുള്ള തിയേറ്ററിൽ കുട്ടികൾക്കുള്ള ഷോകൾ, സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. മികച്ച ഷോപ്പിംഗ് അനുഭവത്തിനായി വിവിധ ഷോപ്പുകളും കപ്പലിനകത്തുണ്ടാവും. വിശാലമായ പ്രീമിയം സ്യൂട്ടുകളും ഔട്ട്ഡോർ ലോഞ്ചുകളും അസാധാരണമായ ഡൈനിംഗ് സൗകര്യങ്ങളുമായി സവിശേഷമായ വി.ഐ.പി അനുഭവങ്ങളും കപ്പൽ യാത്ര വാഗ്ധാനം ചെയ്യുന്നു. 2024 ഡിസംബർ മുതൽ അറോയ ക്രൂയിസിന്റെ ചെങ്കടലിലൂടെയുള്ള ടൂറിസ്റ്റ് യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആവശ്യാനുസരണം സ്വകാര്യ ദ്വീപിലേക്കും ഈജിപ്തിലേക്കും ജോർദാനിലേക്കമുള്ള സന്ദർശനങ്ങൾക്കും കപ്പൽ ബുക്ക് ചെയ്യാവുന്നതാണ്. aroya.com എന്ന വെബ്സൈറ്റ് വഴിയാണ് അറോയ ക്രൂയിസ് കപ്പൽ ബുക്ക് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.