സൗദി കിരീടാവകാശി പാരിസിലെ എലിസി കൊട്ടാരത്തിലെത്തി
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വെള്ളിയാഴ്ച പാരിസിലെ എലിസി കൊട്ടാരത്തിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ദേഹത്തെ കൊട്ടാരത്തിൽ ഹാർദമായി സ്വീകരിച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉൾപ്പെടെ കിരീടാവകാശിയെ അനുഗമിക്കുന്ന പ്രതിനിധി സംഘം നേരത്തേ തന്നെ എലിസി കൊട്ടാരത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ കിരീടാവകാശി പാരിസിലെ എലിസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, അന്നത്തെ സന്ദർശനത്തെ അപേക്ഷിച്ച് ഇത്തവണത്തെ സന്ദർശനം ദൈർഘ്യമേറിയതും ചർച്ചകൾ ബഹുമുഖവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു ഭരണാധികാരികളും ചർച്ച ചെയ്യും. യുക്രെയ്ൻ യുദ്ധമുൾപ്പെടെ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയിൽ വിഷയമാകും. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിന്റെ സമീപകാല പ്രഖ്യാപനത്തെ ഫ്രാൻസ് ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്.
‘ഇറാനുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധങ്ങളുടെ തുടക്കം മേഖലയിലെ പിരിമുറുക്കം ലഘൂകരിക്കാനുള്ള സാധ്യത തെളിയിക്കുന്നുണ്ട്’ എന്നാണ് ഫ്രാൻസ് അന്ന് പ്രതികരിച്ചത്. അതിനാൽ, ഫ്രാൻസും സൗദി അറേബ്യയും തമ്മിലുള്ള പൊതുതാൽപര്യമുള്ള പ്രധാന വിഷയങ്ങളിൽ, പ്രത്യേകിച്ച് ലബനാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ, ഇറാൻ ആണവ കരാർ എന്നിവയിൽ ഇറാൻ-സൗദി നയതന്ത്ര ബന്ധങ്ങൾ ഉണ്ടാക്കിയതിനു ശേഷമുള്ള സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ സൗദി-ഫ്രാൻസ് ചർച്ച അവസരം നൽകുന്നു.
ജൂൺ 22, 23 തീയതികളിൽ പാരിസിൽ നടക്കുന്ന 'ഫോർ എ ന്യൂ ഗ്ലോബൽ കോംപാക്ട്' ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധിസംഘത്തിന് കിരീടാവകാശി നേതൃത്വം നൽകും. കൂടാതെ 179 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത് പാരിസിൽ ഈ മാസം19 ന് നടക്കുന്ന 'റിയാദ് എക്സ്പോ 2030'ലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.