ചെങ്കടലിൽ വിനോദയാത്രക്കൊരുങ്ങി അറോയ ക്രൂസ് കപ്പൽ
text_fieldsയാംബു: ചെങ്കടലിൽ വിനോദയാത്രക്കൊരുങ്ങി ‘അറോയ ക്രൂസ്’ കപ്പൽ ജിദ്ദയിലെത്തി. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ആദ്യ അറബ് ക്രൂസ് ലൈനിന്റെ കപ്പലാണിത്. ജർമനിയിലെ ബ്രെമർഹാവൻ തുറമുഖത്ത് നിന്നാണ് ജിദ്ദ തുറമുഖത്തെത്തിയത്. ഡിസംബർ 16 മുതൽ സഞ്ചാരികൾക്കായി വാതിൽ തുറക്കും. 3,362 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ 19 ഡെക്കുകളും 1,678 കാബിനുകളും സ്യൂട്ടുകളും ഉണ്ട്.
1,018 ഇരിപ്പിടങ്ങളുള്ള തീയേറ്റർ, ഷോപ്പിങ് ഏരിയ, കുട്ടികളുടെ ഉല്ലാസ കേന്ദ്രം, പ്രാർഥനായിടങ്ങൾ, നടപ്പാത, ഫുട്ബാൾ കോർട്ട്, ബാസ്ക്കറ്റ്ബാൾ കോർട്ട് തുടങ്ങി വിപുലമായ കായിക സൗകര്യങ്ങൾക്കൊപ്പം ആരോഗ്യ, വിനോദ സൗകര്യങ്ങളുമുണ്ട്. 12 റസ്റ്റാറന്റുകളും 17 കഫേകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അഞ്ച് വൻകരകളിലെ ആളുകൾ ഇഷ്ടപ്പെടുന്ന രുചിവൈവിധ്യമുള്ള ഭക്ഷണ സാധനങ്ങൾ കപ്പലിൽ ലഭ്യമാണ്. സൗദി പാരമ്പര്യ ഭക്ഷണയിനങ്ങൾക്ക് പ്രത്യേക പരിഗണനയുമുണ്ട്. അറോയ ക്രൂസ് സൗദി ടൂറിസത്തിലെ ഏറ്റവും വലിയ യാത്രാനുഭവം സമ്മാനിക്കുമെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു.
കപ്പൽ സന്ദർശകർക്കായി ചെങ്കടലിൽ നിരവധി ദ്വീപുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നു രാത്രികൾ മുതൽ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള ദീർഘകാല യാത്രകൾ വരെ വിവിധതരം ട്രിപ്പുകളുടെ പാക്കേജുകൾ ലഭ്യമാണ്. സൗദിയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ക്രൂസ് വിനോദ യാത്രാ പദ്ധതി ഒരുക്കുന്നത്. കടൽത്തീരങ്ങളും ആകർഷണീയമായ ദ്വീപുകളും സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് സൗദി ടൂറിസം വകുപ്പ്.
പ്രാദേശിക പരമ്പരാഗത വിപണികളിൽനിന്ന് സഞ്ചാരികൾക്ക് ഷോപ്പിങ് നടത്താനും അവസരമുണ്ട്. നൂറിലേറെ ചെറു ദ്വീപുകളാൽ സമ്പന്നമാണ് സൗദിയുടെ ചെങ്കടൽ ഭാഗങ്ങൾ. ഇവയെ ബന്ധപ്പെടുത്തിയുള്ള ടൂറിസം വികസനമാണ് ചെങ്കടൽ കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്. സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കം ദ്വീപുകളിൽ ഇതിനകം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.