ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മത്സരം; ഏറ്റവും കൂടുതൽ മെഡലുകൾ നേടി സൗദി അറേബ്യ
text_fieldsജിദ്ദ: യുവാക്കൾക്കായുള്ള ലോക ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി, ജിദ്ദ തുവലിലെ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയുടെ സഹകരണത്തോടെ സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ആഗോള മത്സരത്തിലാണ് സൗദി മെഡലുകൾ വാരിക്കൂട്ടിയത്.
ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിൽ നിന്നുള്ള 18,000 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. അമേരിക്ക, ഇന്ത്യ, ഗ്രീസ്, കാനഡ, സിംഗപ്പൂർ എന്നിവയെ മറികടന്നാണ് വിവിധ മത്സരത്തിൽ സൗദി ഒന്നാം സ്ഥാനത്തെത്തിയത്. 18 സൗദി പ്രോജക്ടുകളാണ് മത്സരത്തിൽ വിജയിച്ചത്. സ്വർണം, വെള്ളി, വെങ്കലം ഉൾപ്പെടെ 11 മെഡലുകളാണ് നേടിയത്. അമേരിക്ക 10 മെഡലുകൾ നേടിയപ്പോൾ ഇന്ത്യയും ഗ്രീസും രണ്ട് മെഡലുകൾ വീതവും കാനഡയും സിംഗപ്പൂരും ഓരോ മെഡൽ വീതവും നേടി. പൊതുവിദ്യാഭ്യാസ തലങ്ങളിലെ 158 വിദ്യാർഥികളാണ് മത്സരത്തിൽ സൗദിയെ പ്രതിനിധീകരിച്ചത്.
എ.െഎ ഷോകേസ്, എ.ഐ ജനറേറ്റഡ് ആർട്ട്, എ.ഐ ലാർജ് ലാംഗ്വേജ് മോഡൽ എന്നീ മത്സരത്തിന്റെ മൂന്ന് ട്രാക്കുകളിലും അവർ മത്സരിച്ചു. സൗദിയുടെ മികവിന്റെ വെളിച്ചത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനുള്ള പരിശ്രമത്തിനും പ്രതിബദ്ധതക്കും ആഗോളതലത്തിൽ മികച്ച ഓർഗനൈസേഷൻ അവാർഡ് ‘സദായ’, ‘കോസ്റ്റ്’ എന്നീ സ്ഥാപനങ്ങൾക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.