നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്: ആഗോള ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം
text_fieldsറിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് നിർമിത ബുദ്ധി ആഗോള ഉച്ചകോടിക്ക് ചൊവ്വാഴ്ച റിയാദിൽ തുടക്കമാകും. കിരീടാവകാശിയും സൗദി േഡറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം പ്രതിനിധികൾ പങ്കെടുക്കും. 'നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി മൂന്നു ദിവസം നീണ്ടുനിൽക്കും.
നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളിലെ നയരൂപവത്കരണ സമിതികളുടെ തലവന്മാർ, ആഗോള സാങ്കേതിക സ്ഥാപനങ്ങളുടെ മേധാവികൾ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉച്ചകോടിയിൽ 100 ലധികം സെഷനുകളിലായി വിഷയങ്ങൾ അവതരിപ്പിക്കും. ക്ഷണിതാക്കളടക്കം 3,000 പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഒൗദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. നിക്ഷേപ സാധ്യതകളുടെ പ്രോത്സാഹനത്തിന് സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനകളും നടക്കും.
നഗര സാങ്കേതികവത്കരണം, മാനവ വിഭശേഷിയുടെയും മൂലധന ഭാവിയുടെയും പുനർ രൂപകൽപന, ബഹുമുഖ ആജീവനാന്ത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ഗതാഗതം, ഊർജം, സംസ്കാരം, പരിസ്ഥിതി, സാമ്പത്തിക ചലനാത്മകത എന്നീ എട്ട് അടിസ്ഥാനങ്ങളിൽ ഊന്നിയാണ് ഉച്ചകോടിയിലെ കാര്യപരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്മാർട്ട് സിറ്റികൾ, നഗരങ്ങളുടെ സാങ്കേതികവത്കരണം, സാങ്കേതിക മികവുകളിൽ ഊന്നിയ മാനവവിഭവ ശേഷി വികസനം, ഗവേഷണ സാധ്യതകൾ പ്രയോജനപ്പെടുത്തി മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയെ മനുഷ്യരാശിയുടെ നന്മക്കായി വഴിതിരിച്ചുവിടൽ, രോഗികളുടെ ആവാസ വ്യവസ്ഥ എന്നിവയെല്ലാം ഉച്ചകോടിയുടെ വിശദാംശങ്ങളിൽ വരും.
ട്രാഫിക് തടസ്സമില്ലാത്തതും വേഗത ലക്ഷ്യംവെക്കുന്നതുമായ അപകടസാധ്യത കുറഞ്ഞ ഗതാഗതം, സൗരോർജം ഉൾപ്പെടെയുള്ളവയുടെ ക്രിയാത്മക വിനിയോഗം, സാമൂഹികശാസ്ത്രത്തെ സാങ്കേതിക വൈദഗ്ധ്യവുമായി കോർത്തിണക്കുന്ന സംസ്കാരങ്ങളുടെ വികാസം, കാലാവസ്ഥ വ്യതിയാനങ്ങളിലുള്ള യോജിച്ച പ്രതിരോധം, പരിസ്ഥിതി വൈവിധ്യങ്ങളുടെ സമർഥമായ സംയോജനവും സമ്പുഷ്ടീകരണവും എന്നിവയടക്കമുള്ള കാര്യങ്ങളിൽ ധാരണകൾ രൂപപ്പെടുത്താനും ഉച്ചകോടിക്ക് സാധിക്കും.
'വിഷൻ 2030'ന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിന് ഉതകുന്ന ആശയങ്ങൾ ഉച്ചകോടിയിൽ ഉയർന്നുവരുമെന്ന പ്രതീക്ഷ സംഘാടക രാഷ്ട്രമെന്ന നിലയിൽ സൗദിക്ക് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി രാജ്യം രൂപകൽപന ചെയ്തിട്ടുള്ള 'നിയോം' നഗരപദ്ധതി ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.