യമനിൽ കാൽലക്ഷം പേർക്ക് കൃത്രിമ അവയവങ്ങളും വൈദ്യസഹായവും നൽകി
text_fieldsജുബൈൽ: യമനിലെ ജനങ്ങൾക്ക് സമഗ്രമായി സഹായം നൽകാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായി കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് (കെ.എസ്. റിലീഫ്) വഴി 25,000ത്തിലധികം രോഗികൾക്ക് കൃത്രിമ അവയവങ്ങളും വൈദ്യസഹായവും നൽകി. ശാരീരിക വൈകല്യമുള്ള രോഗികൾക്ക് നിലവാരമുള്ള കൃത്രിമ കൈകാലുകൾ സൗജന്യമായി നൽകുകയാണ്. ഇതുകൂടാതെ രോഗികളുടെ ചലനശേഷിയും ആരോഗ്യവും വീണ്ടെടുക്കുന്നതിന് ആവശ്യമായ പരിചരണം നൽകാൻ ജീവനക്കാരെ പരിശീലിപ്പിക്കുന്നുമുണ്ട്.
കെ.എസ്. റീലിഫ് കേന്ദ്രം ആറു ഘട്ടങ്ങളിലായി മഅരിബ് ജനറൽ ആശുപത്രിയിൽ കൃത്രിമ കൈകാലുകൾ പദ്ധതി നടപ്പാക്കി. അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നത്. 8,132 രോഗികൾക്ക് പുനരധിവാസ സേവനങ്ങൾ നൽകുന്നതിന് ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്.
ഏദനിൽ ഒരു കൃത്രിമ അവയവകേന്ദ്രം സ്ഥാപിക്കാനും കെ.എസ്. റീലിഫ് സഹായിച്ചിട്ടുണ്ട്. സ്പെഷലിസ്റ്റ് ഉപകരണങ്ങൾ, കെട്ടിട പരിപാലനം, ശാരീരിക പുനരധിവാസ സേവനങ്ങൾ, വ്യക്തിഗത രോഗി ചികിത്സ പദ്ധതികൾ എന്നിവക്ക് മുൻതൂക്കം നൽകിയാണ് പദ്ധതി നടപ്പാക്കിയത്.
രോഗികൾക്ക് ദൈനംദിന ജീവിതത്തിൽ ആവശ്യമായ സഹായം നൽകുന്നു.
രോഗികൾക്ക് മെഡിക്കൽ ഫോളോ-അപ് പരിചരണവും മറ്റ് സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നു.
മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളുടെ കഴിവുകൾ പരിശീലിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്ത് ഇവിടെ 5,979 രോഗികൾക്ക് സഹായം എത്തിച്ചു. തായ്സിൽ കൃത്രിമ അവയവ കേന്ദ്രം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള പദ്ധതി കെ.എസ്. റിലീഫ് പൂർത്തിയാക്കി. ഇത് പ്രോസ്തെറ്റിക് ഉപകരണങ്ങളുടെ നിർമാണം, രോഗികൾക്ക് ശാരീരികവും മാനസികവുമായ പുനരധിവാസം, രോഗികളുടെ മെഡിക്കൽ, നോൺ-മെഡിക്കൽ ആവശ്യങ്ങൾ എന്നിവ നിറവേറ്റാനുള്ളതാണ്. 8,530 രോഗികൾക്ക് തായ്സ് സെൻററിൽ സേവനം ലഭ്യമാക്കി.
ഹദ്റ മൗത്ത് ഗവർണറേറ്റിലെ സെയൂണിലുള്ള കേന്ദ്രത്തിൽ മെഡിക്കൽ, നോൺ-മെഡിക്കൽ ഉപകരണങ്ങൾ കൈമാറൽ, സെയൂൺ കൃത്രിമ അവയവ കേന്ദ്രവും കൃത്രിമ ഉപകരണങ്ങൾ നിർമിക്കുകയും ശാരീരിക പുനരധിവാസ സേവനങ്ങൾ നൽകുകയും മെഡിക്കൽ സ്റ്റാഫിനെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ 3,331 ആളുകളെ ഈ കേന്ദ്രം സഹായിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.