ബത്ഹ
text_fieldsസങ്കടക്കല്ലും ഭാരത് റസ്റ്റോറൻറും
ഓടിയെത്താറുണ്ടിത്തിരി നേരത്തൊ-
രിത്തിരി ചിരിയുടെ കൂട്ട് തേടി
കൂടെ നടന്നവർ, കൂട്ടം പിരിഞ്ഞവർ-
ക്കൊപ്പമിരിയ്ക്കുവാനൽപനേരം
‘ബത്ത’ മനുഷ്യക്കടൽ കണക്കേ
സ്നേഹത്തിരകൾ ഹൃദയം നനച്ചുപോകും
വിശ്രമം വേണ്ടെന്ന പോലെയാണോർമകൾ
ആയിരം വാക്കിന്റെ വരിപിടിച്ച്
കടൽ കടന്നൊരു കത്ത് കാത്തിരിക്കും
പോസ്റ്റ് ബോക്സ് 1276ൽ
ഭാരത് റസ്റ്റോറന്റിൻ മേശവരിപ്പിലായ്
സ്നേഹമോ ദുഃഖമോ കാത്തിരിപ്പ്?
കത്തിലൊരെണ്ണമെനിക്കുമുണ്ട്
അതിൽ മുത്തിമണത്തൊരു ഗന്ധമുണ്ട്
ഒത്തിരി സ്വപ്നങ്ങൾ കണ്ടുകൊണ്ട്
മാറിലൊട്ടിപ്പിടിച്ചതിരിക്കണൊണ്ട്
വായിച്ചെടുക്കുവാനറിയില്ലയെങ്കിലും
വായിച്ചുകേട്ടതിൻ ശേഷമെത്ര-
നേരം വിരൽ തൊട്ടു വിങ്ങലേൽക്കും
ഉള്ളിലോരോവരിയും പതിച്ചുവക്കും
സങ്കടക്കല്ലിന്റെ തോളത്തിരുന്നാധി
തീർക്കുന്നൊരിത്തിരി നേരമുണ്ട്
സ്വപ്നങ്ങളൊക്കെ നിനച്ചെടുക്കാം
നെടുവീർപ്പിലാ‘ത്തീ’ കെടുത്തിവക്കാം
ഇന്നത്തെ ‘ബത്ത’യല്ലോർമകൾ-
ക്കൊരുവിളി, ഒരു കത്ത്
കാത്തൊരു കാലമുണ്ട്
കളറുള്ള ഫോട്ടോയിൽ കാലം പതിപ്പിച്ച
ചിരിയിലാ നോവിന്റെ നിഴലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.