ഒസ്സാൻ
text_fieldsവല്ലാത്തൊരു മൊഞ്ചുള്ള മനുഷ്യൻ ചക്രക്കസേരയിൽ
നിന്നെഴുന്നേറ്റ് പോകുമ്പോൾ പിന്നെയും നിറഞ്ഞ് തേജസ്സ്
സഹയാത്രികൻ ദാരിദ്ര്യം തന്നെ.
എങ്കിലും ഉടയാടയിൽ ധനികൻ
ക്ഷൗരംചെയ്യുന്ന
ദിനങ്ങളിലൊക്കെയും സല്ലാപ സൗഹൃദം.
ശ്രമകരമായി നടത്തിയ മൂത്ത മകളുടെ വിവാഹം മിണ്ടിയിട്ടില്ല.
കുട്ടിയുടെ മുടിയെടുത്തതും സുന്നത്തു കഴിച്ചതും ഞാൻ തന്നെ.
മൊഞ്ചുള്ള രണ്ടെണ്ണം മക്കളായ് പിന്നേയുമുണ്ട്.
ദാരിദ്ര്യത്തോണി കരയടുപ്പിക്കാനാണ് ഒന്നിനെ കെട്ടാൻ നിനച്ചത്.
പ്രണയമല്ല, പ്രാണനായ് കാത്തുകൊള്ളാമെന്നവൾക്ക്
വാക്കുനൽകിയതാണ്.
പുതിയ പ്രതീക്ഷകൾക്കൊപ്പമവളും നടന്നുതുടങ്ങി.
അറിയുന്ന നേരത്ത് ആശ്വാസം കൊള്ളുമെന്നാണ് നിനച്ചത്.
പക്ഷേ, അന്നാദ്യമായ് തിരിച്ചറിഞ്ഞു,
ഒരൊസ്സാൻ കാണേണ്ടുന്ന സ്വപ്നങ്ങളെ.
ശാഫി ഇമാമിന് പോലും ഒസ്സാൻ ഉസ്താദായ കഥ വിസ്മരിച്ചാണീ ചെയ്തികളൊക്കെ.
തൊഴിലല്ല കുലമാണ് വിലങ്ങായത്.
കാലം പിന്നെയും കടന്നുപോയി, കാത്തിരിപ്പിന്ന് അറുതി നൽകി
മറ്റൊരു മനസ്സിലേക്കവൾ ചേക്കേറി.
സംശയവും അസ്വാരസ്യവും ആ ദാമ്പത്യത്തെ നീണ്ടുപോകാൻ അനുവദിച്ചില്ല.
കണ്ണീർ കയങ്ങളിൽ പെട്ടുപോയ അവളെ കണ്ണായിത്തന്നെ കരം ചേർത്തുനിർത്തി.
എന്നിട്ടുമയാൾക്കു ദുരഭിമാനമായെൻ കുലം
ഈ സമയത്തിനെന്തൊരു തിടുക്കം, കാലത്തിനും.
ആരെയും കാത്തുനിൽക്കാതെ പാഞ്ഞുപോകുന്നു.
വീണ്ടുമൊരുനാൾ എന്റെ ചക്രക്കസേരയിൽ വിഷണ്ണനായി വിഷാദനായ്.
ക്ഷൗരം ചെയ്തുതുടങ്ങിയ മുഖത്ത് കണ്ണുനീർ ചാലൊഴുകി
മാപ്പു പറഞ്ഞില്ല, സ്വരം താഴ്ത്തിപ്പറഞ്ഞു,
നാളെ മകന്റെ സുന്നത്താണ് എല്ലാവരും വരണം.
മുഖമൊന്നു തിളങ്ങി ചക്രക്കസേരയിൽ നിന്നിറങ്ങി തിടുക്കപ്പെട്ട് അയാൾ നടന്നു.
ദൂരെനിന്നും ചെറുചിരിയോടെ അയാളൊന്നു പുറം തിരിഞ്ഞുനോക്കി.
അകലെയെങ്കിലും ആ കണ്ണുകൾ പറയുന്നത് എനിക്ക് കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.