പച്ച മനുഷ്യൻ
text_fieldsഉദിച്ചുവരുന്ന സൂര്യകിരണങ്ങൾ മുനകൂർത്ത അസ്ത്രങ്ങളായി കണ്ണുകളെ നൊമ്പരപ്പെടുത്തി. ജീം സിത്താഷ് സ്ട്രീറ്റിലെ ബംഗാളിയുടെ വഴിയോരക്കടയിൽനിന്നും വാങ്ങിയ കൂളിങ് ഗ്ലാസിന് സൂര്യാസ്ത്രത്തെ പ്രതിരോധിക്കാൻ ആകുന്നില്ല. കറുത്ത നേർരേഖയായി നീണ്ടുകിടക്കുന്ന റോഡ്. ഇരുവശങ്ങളിലും സ്വർണനിറത്തിൽ മണൽപരപ്പ്. സൂര്യന്റെ തീച്ചുവപ്പിൽ തിളങ്ങി സുന്ദരിയായ മരുഭൂമിയുടെ നിമ്നോന്നതികളിൽ താളം തെറ്റാതെ നടന്നു ശീലിച്ചു വരുന്നതേയുള്ളൂ. ശരീരം മുഴുവൻ മറയുംവിധം കവറോൾ ധരിച്ച് പിന്നെയും കുറെ മനുഷ്യർ നിരത്തോരം ചേർന്ന് ധിറുതിയിൽ നടന്നുനീങ്ങുന്നു. ഭാഷയും ദേശവും രൂപവും വ്യത്യസ്തമെങ്കിലും നീലനിറത്തിലെ നീളൻ വർക്കിങ് ഡ്രസ് സർവരെയും ഒന്നാക്കി. പ്രവാസത്തിന്റെ കുപ്പായത്തിന് പുതുമണം മാറാത്ത ഞാൻ അവരിൽനിന്ന് അകലംപാലിച്ച് ഒറ്റയാനായി.
ക്യാമ്പിൽനിന്ന് പണിനടക്കുന്ന സൈറ്റിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരം. മേഘക്കീറുകൾ അന്യമായ ആകാശത്തുനിന്നും പച്ചമരത്തണലുകൾ വിരിക്കാത്ത മരുഭൂമിയിലേക്ക് ഉതിർന്നുവീഴുന്ന സൂര്യരശ്മികൾ കാരണം സഞ്ചാരപാതയുടെ ദൂരം ഇരട്ടിക്കുന്നപോലെ. കഴിഞ്ഞ ഒരു മാസമായി ഇതാണ് ദിനാരംഭം. പ്രധാന റോഡിന് സമാന്തരമായുള്ള തിരക്ക് കുറഞ്ഞ റോഡ്. നീണ്ടുനിവർന്നുകിടക്കുന്ന രണ്ടുവരിപ്പാതയിലൂടെ ഇടക്കിടെ വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. ഏതെങ്കിലും ഒന്ന് അനുതാപപൂർവം നിർത്തി ഇനിയും താണ്ടുവാനുള്ള വഴിദൂരത്തിന് ആശ്വാസമായെങ്കിലെന്ന് മനസ്സ് മന്ത്രിച്ചു. പൊടുന്നനെ അരികിൽ ഒരു വാഹനം ബ്രേക്കിട്ടു ചിന്തകളിൽ നിന്നുണർത്തി.
‘ഹായ് രോഷിത് ഭായ് ആഇയേ...’ പഴയ ഒരു കൊറോള കാർ. കാലങ്ങളായി വെള്ളം കാണാതെ മുഷിഞ്ഞും അടർന്നുതുടങ്ങിയ പെയിന്റും... വലിയ ശബ്ദത്തോടെ കുലുങ്ങിത്തരിച്ച് തനിക്കരികെ നിൽക്കുന്നു. അകത്തുനിന്നും നിറഞ്ഞ ചിരിയോടെ അയാൾ വീണ്ടും സ്വാഗതം ചെയ്തു. അപരിചിതൻ അല്ലെങ്കിലും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. സൈറ്റിലെ പാർക്കിങ് ഗ്രൗണ്ടിൽ നിരയായി നിർത്തിയിട്ട വിലകൂടിയ കാറുകൾക്കിടയിൽ ഈ പഴയ കാറ് കണ്ടു ഊറിച്ചിരിച്ചിട്ടുണ്ട്.
ഡോർ തുറന്നു കാറിനകത്ത് കേറി. മനസ്സിൽ അയാളെ സ്തുതിച്ചു, ചുണ്ടിൽ ചിരി വരുത്തി. ഉപചാര മര്യാദക്കായി വാക്കുകൾ പരതി. ഭാഷയുടെ പരിമിതികൾ കൂടുതൽ വർത്തമാനങ്ങൾ വേണ്ടെന്നുവെച്ചു. പക്ഷേ അയാളുടെ വാചാലതയിൽ അൽപദൂര യാത്രക്കിടയിൽ കുറെ പാഠങ്ങൾ പഠിച്ചെടുത്തു. അതിരുകൾ തച്ചുടക്കുന്ന സൗഹൃദത്തിന്റെ തേൻ മധുരമായി ആ പച്ച മനുഷ്യൻ എന്നെ വിസ്മയിപ്പിച്ചു.
ഇപ്പോഴും അച്ഛൻ ഓർമപ്പെടുത്താൻ മറക്കാത്ത ഒന്നാണ്, അപരിചിതരോട് അധികം അടുക്കരുത്. നമ്മുടെ ആളുകളുമായി മാത്രം കൂട്ടുകൂടുക... പാകിസ്താനിയായ അക്രമുല്ല ഖാൻ എന്ന തടിച്ചുരുണ്ട, ഗോതമ്പിന്റെ നിറമുള്ള മനുഷ്യൻ ഇന്ന് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. സൈറ്റിലെ സൂപ്പർവൈസർ എന്നതിനപ്പുറം അവിചാരിതമായ പരിചയപ്പെടലിനുശേഷം സൗഹൃദത്തിന്റെ കരുതൽ തരുന്ന മനുഷ്യൻ. എന്നിട്ടും അച്ഛന് അയാളെ ഭയമാണ്. റോഷിത് മേനോൻ എന്ന പേരിനെ അക്രം ഭായ് വിളിക്കുന്നത് റഷീദ് മോൻ എന്നാണ്. എന്നിട്ട് ഉറക്കെ ഒരു ചിരി... കണ്ണുകൾ ഇറുകെ അടച്ച്, വലിയ ശരീരം കുലുക്കിക്കൊണ്ട്.
വിവേക് വിളിക്കുമ്പോ പരിഹാസച്ചുവയോടെ ചോദിക്കും, തെൻറ പച്ചക്ക് സുഖംതന്നെ അല്ലേ? പാകിസ്താനികൾ മലയാളികൾക്ക് പച്ചയാണ്. ആ നിറ നാമ പ്രയോഗത്തിലെ പരിഹാസത്തിന് ഇരു രാജ്യങ്ങൾ തമ്മിലെ ചരിത്രപരമായ അകൽച്ചയുടെ വഴിദൂരമുണ്ട്.
അക്രം ഭായി എനിക്ക് വിരിച്ചുതന്നത് പച്ച മരത്തണൽ തന്നെ. മരുഭൂമിയിൽ അപൂർവമായ പച്ചിലകളാൽ സമൃദ്ധമായ തണൽമരം. ദേശത്തിന്റെയും ഭാഷയുടെയും മതങ്ങളുടെയും അതിരുകൾ വകഞ്ഞുമാറ്റി ഹൃദയച്ചുവപ്പിന്റെ നേരുള്ള സൗഹൃദം.
‘എടാ തന്റെ ഫേസ്ബുക്കിൽ ഒരു പാകിസ്താനി കേറി നെരങ്ങുന്നുവെന്ന് നന്ദു പറഞ്ഞു. കണ്ട അന്യനാട്ടിലെ മേത്തന്മാരെ ഒക്കെ ഫ്രണ്ട് ആക്കിവെച്ചാ നാളെ വല്ല ഗുലുമാലിലും പെടുവേ!!‘ അമ്മാവന്റെ വാണിങ്.
അന്ന് സൈറ്റിലെത്തിയപ്പോ അക്രം ഭായി ഒരു കൂട നിറയെ മധുര പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. ഇന്ന് എന്റെ ജന്മദിനം ആണെന്ന് ഫേസ്ബുക്ക് ഓർമപ്പെടുത്തിയത്രെ... പല നിറത്തിലും രൂപത്തിലുമുള്ള കൊതിപ്പിക്കുന്ന പലഹാരങ്ങൾ. അതിൽ നിന്നുമൊരു പച്ച ലഡു മാത്രമെടുത്ത് ഞാൻ നുണഞ്ഞു. ഏതു പ്രതിസന്ധികളെയും തരണംചെയ്യാൻ അക്രം ഭായിയിൽ നിന്നും പഠിച്ചു.
‘അല്ലാഹ് ഹാഫിസ്...’ അക്രം ഭായിക്ക് അത്ര മതി. മധ്യപ്രദേശുകാരനായ സഹപ്രവർത്തകൻ അശോക് റാത്തോറിന് എന്റെ പച്ചപ്രേമം അസ്ക്യത തീർത്തെന്ന് ഇടക്കിടെ പച്ചത്തെറിയിലൂടെ അവൻ വ്യക്തമാക്കി. ഒരു വെള്ളിയാഴ്ച അക്രം ഭായിക്കൊപ്പം ആ പഴയ കാറിൽ ഒരു യാത്ര. എന്റെ നിർബന്ധത്തിന് വഴങ്ങി അകലെയുള്ള മസറ കാണാനുള്ള കൊതിയിലാണ് ഞങ്ങൾ പുറപ്പെട്ടത്. നീണ്ടുനിവർന്നു കിടക്കുന്ന റോഡിലൂടെ അക്രംഭായി പരമാവധി വേഗത്തിൽ കുതിക്കുന്നുണ്ട്. എനിക്ക് പ്രിയപ്പെട്ട പങ്കജ് ഉദാസിന്റെ ഗസലിന്റെ ഈണം കാറിൽ നിറഞ്ഞുനിന്നു.
പൊടുന്നനെ കാതുകൾക്ക് താങ്ങാനാവാത്ത ഭീകര ശബ്ദം. കണ്ണുകളിലേക്ക് ഒരു ചുവപ്പ് ഗോളം ഇടിച്ചുകേറി. പിന്നെ, ആകെ കറുപ്പ് പരന്നു. ഓർമ വരുമ്പോൾ ആശുപത്രിക്കിടക്കയിൽ. വിവേകും അമ്മാവനും അരികെ. അഞ്ചു ദിവസമായി ഞാൻ അബോധാവസ്ഥയിലായിരുന്നുവത്രെ!
‘നിന്നെ അവൻ ഇല്ലാതാക്കാൻ നോക്കിയതാ. അവന്റെ കൂട്ട് വേണ്ടാന്ന് എത്ര തവണ പറഞ്ഞതാ നിന്നോട്?!! എന്നിട്ട് അവനോ ഒന്ന് ചോരപോലും പൊടിയാതെ രക്ഷപ്പെട്ടു. എന്താ അതിന്റെ അർഥം!’ ദമ്മാമിൽനിന്നും അമ്മാവൻ ലീവെടുത്ത് വന്നതാണ്. അതിന്റെ കലിപ്പ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു.
‘അസ്സലാമു അലൈക്കും... യാ അഖീ.. രോഷിത്’ ശുഭ്രവസ്ത്രധാരിയായ ഒരാൾ കേറിവന്നു. അദ്ദേഹം അരികിലെത്തി. കമ്പനിയുടെ സ്പോൺസർ അബൂ ഖാലിദ് സാർ. ആ അപകടത്തിൽ അമ്മാവന്റെ പരാതിപ്രകാരം അക്രംഭായി പൊലീസ് കസ്റ്റഡിയിൽ ആണെന്ന വിവരം അപ്പോഴാണ് ഞാൻ അറിയുന്നത്. ഏറെ വേദന തോന്നി. സൗഹൃദം കാത്തുവെക്കാൻ ഹൃദയം പറിച്ചുതരുന്ന ആ മനുഷ്യനെ മനസ്സിൽ പ്രണമിച്ചു.
അബൂ ഖാലിദ് കൊണ്ടുവന്ന കൂടയിലെ സ്നേഹമധുരമുള്ള പച്ച ലഡുവിൽ നിന്നും ഒരെണ്ണം എടുത്ത് വല്ലായ്മകളെ വകവെക്കാതെ കഴിച്ചു. കണ്ണുകൾ ഇറുകെ അടച്ച് ശരീരം കുലുക്കിയുള്ള അക്രം ഭായിയുടെ നിഷ്കളങ്കമായ ചിരി കാതുകളിൽ മുഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.