അവളും നാട്ടുകാരും
text_fieldsഅന്നും പതിവുപോലെ കളവ് നടത്താനുള്ള വീട്ടിൽ കയറി. സാധാരണ ചെയ്യാറുള്ളതുപോലെ അയാൾ അടുക്കളയിൽ പാചകം ചെയ്തുവെച്ച ഭക്ഷണം വല്ലതുമുണ്ടോയെന്ന് നോക്കി. ഫ്രിഡ്ജ് തുറന്നുനോക്കി. മുമ്പ് എവിടെയും കണ്ടിട്ടില്ലാത്ത വിധം ഇരുട്ടും ശൂന്യതയും മാത്രമെ അതിൽ ഉണ്ടായിരുന്നുള്ളൂ.
എങ്കിലും തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത അയാൾ ഊൺ മേശ ഇരിക്കുന്ന ഭാഗത്തേക്ക് ശബ്ദമുണ്ടാക്കാതെ സാവധാനം നടന്നു. മങ്ങിയ വെളിച്ചത്തിലും അയാൾക്ക് കാണത്തക്ക വിധം ഒരു പാത്രവും ചെറിയൊരു അച്ചാർ കുപ്പിയും കണ്ടു.
അൽപം ധിറുതിപ്പെട്ട് അയാൾ പാത്രം തുറന്നുനോക്കി. പകുതിയോളം കഞ്ഞി കണ്ടതോടെ അത് മുഴുവനും അകത്താക്കി. പിന്നെ കുപ്പി തുറന്ന് വിരലിട്ട് അച്ചാറും കഴിച്ച് തെൻറ പണി തുടങ്ങാനായി ബെഡ്റൂമിെൻറ ഭാഗത്തേക്ക് നീങ്ങി. സുഖനിദ്രയിലുള്ള വീട്ടുകാരിയുടെ ഉറക്കം പരിശോധിക്കുന്നതിനിടയിൽ തലകറങ്ങുന്നതുപോലെ തോന്നിയ അയാൾ ആ കട്ടിലിൽ തന്നെ കിടന്നു. പിന്നീടയാൾ ഉണർന്നതേയില്ല.
നേരം പുലർന്നപ്പോൾ വിധവയും കാമുകനും വിഷം കഴിച്ചു മരിച്ച വാർത്ത കേട്ടാണ് നാടുണർന്നത്. എന്നാൽ ആ സ്ത്രീയുടെ മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് വായിച്ച് പൊലീസും നാട്ടുകാരും ഞെട്ടി.
കുറിപ്പിലുണ്ടായിരുന്നത് ഇതായിരുന്നു: ‘ഭർത്താവ് മരിച്ച ശേഷം ദാരിദ്ര്യം അതിെൻറ ഉഗ്രരൂപത്തിൽ വേട്ടയാടിയിട്ടും അന്യപുരുഷെൻറ മുന്നിൽ തുണിയഴിക്കാത്ത എന്നെക്കുറിച്ച് നാട്ടുകാർ പറഞ്ഞുണ്ടാക്കുന്ന അവിഹിത കഥയിൽ മനംനൊന്ത് ഞാൻ ആത്മഹത്യ ചെയ്യുന്നു. എെൻറ മരണത്തിെൻറ ഉത്തരവാദികൾ നാട്ടുകാർ മാത്രം.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.