ആലപ്പുഴയുടെ ആദരം ഏറ്റുവാങ്ങാൻ നിൽക്കാതെ അരുൺ രവീന്ദ്രൻ മടങ്ങി
text_fieldsദമ്മാം: അന്താരാഷ്ട്രവേദിയിൽ ലഭിച്ച ബഹുമതിക്ക് നാട്ടുകാരുടെ കൂട്ടായ്മ ആദരക്കാനിരിക്കെ അരുൺ രവീന്ദ്രെൻറ മരണം ദമ്മാമിലെ പ്രാസികളെ ഞെട്ടിച്ചു. ദമ്മാമിൽ ദീർഘകാലമായി പ്രവാസിയായ ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രൻ വെള്ളിയാഴ്ച ബഹറൈനിൽ വച്ച് സ്വിമ്മിങ് പൂളിൽ മരിച്ച വാർത്ത സുഹൃത്തുക്കൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
സൗദി ഇലക്‌ട്രിസിറ്റി കമ്പനിയിലെ പ്രമുഖ കരാറുകാരായ നാഷനല്‍ കോൺട്രാക്ടിങ് കമ്പനിയുടെ (റിസായത്ത് ഗ്രൂപ്പ്) കോര്‍പ്പറേറ്റ് സേഫ്റ്റി മാനേജരായ അരുണ്‍ രവീന്ദ്രൻ ദമ്മാമിൽനിന്ന് വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് ബഹ്റൈനിലേക്ക് വാരാന്ത്യ അവധി ചെലവഴിക്കാൻ പോയതാണ്. അവിടെ ഒരു ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ സമയം ചെലവഴിക്കുന്നതിനിടയിലായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമന്നാണ് നിഗമനം. വെള്ളത്തിൽ മുങ്ങിപ്പോയെങ്കിലും കൂടെയുള്ളവർ വൈകിയാണ് ശ്രദ്ധിച്ചത്.
സേഫ്റ്റി മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവത്തിക്കുന്ന അരുൺ രവീന്ദ്രൻ നിരവധി നേട്ടങ്ങളാണ് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ ലോകാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ഹെൽത്ത്, സേഫ്റ്റി, ആൻഡ് വെൽബീയിങ് അംബാസഡർ ഓഫ് ദ ഇയർ’ അവാർഡിന് അരുൺ രവീന്ദ്രൻ അർഹനായിരുന്നു. ലണ്ടനിൽ ഇൻറർ കോണ്ടിനെൻറൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരങ്ങളെ സാക്ഷിനിർത്തി അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.
ഈ വർഷം ഫെബ്രുവരിയിൽ റിയാദിൽ സൗദി ഊർജമന്ത്രാലയത്തിെൻറ സഹകരണത്തോടെ സൗദി ഇലക്‌ട്രിസിറ്റി കമ്പനി (സ്കീകോ) സംഘടിപ്പിച്ച സേഫ്റ്റി ഫോറത്തിൽ മന്ത്രാലയത്തിെൻറ പ്രത്യേക അതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയ വാർത്ത നേരത്തെ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ആ വേദിയിൽ അരുണ്‍ രവീന്ദ്രൻ ‘ലീഡിങ് സ്ട്രാറ്റജീസ് ആന്‍ഡ് സക്സസ് സ്റ്റോറീസ്’ എന്ന വിഷയമാണ് അവതരിപ്പിച്ചത്. മികച്ച വിഷയാവതാരകനുള്ള പുരസ്കാരം അന്ന് അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ഇത് മുൻനിർത്തി ദമ്മാമിലെ സൗദി അലപ്പുഴ വെൽഫയർ അസോസിയേഷൻ അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചിരുന്നു. അത് അടുത്ത് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.
24 വർഷമായി സേഫ്റ്റി മേഖലയിൽ പ്രവർത്തിക്കുന്ന അരുൺ ഹെൽത്ത്, സേഫ്റ്റി, എൻവയോൺമെൻറ് എൻജിനീയറിങ്ങിൽ യു.കെയിൽ നിന്നാണ് മാസ്റ്റർ ബിരുദം നേടിയത്. അന്താരാഷ്ട്ര ഓർഗനൈസേഷനുകളിൽ നിന്ന് നിരവധി പ്രത്യേക കോഴ്സുകളും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ യു.എസിലെ വേൾഡ് സേഫ്റ്റി ഓർഗനൈസേഷൻ, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ തുടങ്ങി നിരവധി ഏജൻസികളിൽ അംഗമാണ്.
ഐശ്വര്യയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്. അച്ഛൻ: രവീന്ദ്രൻ, അമ്മ: റിട്ടയേർഡ് തഹസിൽദാർ പരിമള. രണ്ട് സഹോദരിമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.