ആര്യാടൻ മുഹമ്മദ്: ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക –ജിദ്ദ ഒ.ഐ.സി.സി
text_fieldsജിദ്ദ: അനുഭവസമ്പത്തിന്റെ അതികായനായ നേതാവായിരുന്നു പ്രഗല്ഭ നിയമസഭ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദെന്ന് ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏഴു പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനു വിരാമമാകുമ്പോൾ നികത്താനാവാത്ത നഷ്ടമാണുണ്ടായത്. അധികാരരാഷ്ട്രീയം നാടിനും തന്റെ ജനങ്ങൾക്കും എങ്ങനെ ഗുണകരമായി വിനിയോഗിക്കാം എന്നതിന്റെ പാഠപുസ്തകമായിരുന്നു അദ്ദേഹം. താൻ മന്ത്രിയായിരുന്ന വിവിധ വകുപ്പുകളുടെ ജനോപകാരപ്രദമായ നിരവധി സംരംഭങ്ങളാണ് നിലമ്പൂരിൽ അദ്ദേഹം യാഥാർഥ്യമാക്കിയത്. ആർക്കും എന്തു കാര്യത്തിനും ഏതു സമയത്തും കയറിവരാൻ കഴിയുന്ന ഭവനമായിരുന്നു പ്രിയപ്പെട്ട കുഞ്ഞാക്കയുടേത്.
പ്രയാസമനുഭവിക്കുന്നവരുടെ അത്താണിയായിരുന്ന ആര്യാടന്റെ ശൈലിയും ഡിപ്ലോമസിയും ഏറെ പ്രശസ്തമായിരുന്നുവെന്നും ഒ.ഐ.സി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനോപകാര രാഷ്ട്രീയപ്രവർത്തനത്തിന്റെ പകരംവെക്കാൻ സാധിക്കാത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 2017 ഏപ്രിലിൽ ഒ.ഐ.സി.സിയുടെ ക്ഷണം സ്വീകരിച്ച് ജിദ്ദയിലെത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ യാത്രചെയ്തപ്പോൾ ലഭിച്ച അറിവും അനുഭവ സാക്ഷ്യങ്ങളും മറക്കാനാവാത്തതാണെന്ന് റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അനുശോചിച്ചു
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വിശേഷണങ്ങൾ ഏറെയുണ്ടായിരുന്ന അദ്ദേഹം സാധാരണ ജനങ്ങൾക്കും നേതാക്കൾക്കും എന്നും ഒരാശ്രയ കേന്ദ്രമായിരുന്നു. അഴിച്ചെടുക്കാൻ പ്രയാസപ്പെടുന്ന കുരുക്കുകൾ നിഷ്പ്രയാസം അഴിച്ചെടുക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അനിതരസാധാരണമായ കഴിവ് ഏറെ സവിശേഷമായ അദ്ദേഹത്തിന്റെ നേതൃഗുണമായിരുന്നു.
മലപ്പുറം ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ച അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഡി.സി.സി അധ്യക്ഷൻ. ട്രേഡ് യൂനിയൻ രംഗത്ത് പതിറ്റാണ്ടുകൾ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം തൊഴിലാളികളുടെയും പ്രിയങ്കരനായി. ബുദ്ധികൂർമത, അപാരമായ ഓർമശക്തി, ഇച്ഛാശക്തി, ധനകാര്യ, നിയമ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചതെന്നും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.