ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആസിയാൻ മേളക്ക് തുടക്കം
text_fieldsറിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ആസിയാന്‍ രാജ്യങ്ങളിലെ മികച്ച ഉല്പന്നങ്ങളുടെ വിപണനമേളയായ 'ആസിയാന്‍ ഫെസ്റ്റ്' ആരംഭിച്ചു. ഈ മേഖലയിലെ എട്ട് രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ സാന്നിധ്യത്തില്‍ റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും മൂന്ന് ആസിയാന്‍ നയതന്ത്രപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജിദ്ദ അമീര്‍ ഫവാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഉദ്ഘാടന ചടങ്ങ് നടന്നു. ലുലു മാനേജ്മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു.
കാര്‍ഷിക വൈവിധ്യത്തിനും കടല്‍വിഭവങ്ങള്‍ക്കും ഭക്ഷ്യേതരവസ്തുക്കള്ക്കും പേരുകേട്ട ആസിയാന്‍ മേഖലയില്‍നിന്ന് നിത്യോപയോഗ സാധനങ്ങള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറി, ശീതീകരിച്ച ഭക്ഷണങ്ങള്‍, ചൂടാറാത്തതും പുതുമ മാറാത്തതുമായ ഭക്ഷ്യവിഭവങ്ങൾ, ഭക്ഷ്യേതര വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവ മേളയിലെ ആകര്‍ഷണമാണ്. ഫിലിപ്പീന്‍സ്, തായ്ലന്ഡ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഉന്നത നിലവാരവും ഗുണമേന്മയുമുള്ള 6,200ലധികം ഉല്പന്നങ്ങള് ഉപഭോക്താക്കളെ വിസ്മയിപ്പിക്കും.
ബ്രൂണെ അംബാസഡര്‍ ഡാറ്റോ യൂസുഫ് ബിന്‍ ഇസ്മാഈല്‍, വിയറ്റ്നാം അംബാസഡര്‍ ഡാങ് ഷുവാന്‍ ഡങ്, മ്യാന്മര് അംബാസഡര്‍ ടിന് യു, സിംഗപ്പൂര്‍ അംബാസഡര്‍ വോങ് ചൗ മിങ്, ഇന്തോനേഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ആരിഫ് ഹിദായത്ത്, മലേഷ്യന്‍ എംബസി ഷർഷെ ദഫെ അമീറുല്ഹുസ്നി ബിന്‍ സഹര്‍, ഫിലിപ്പീന്‍സ് എംബസി ഷർഷെ ദഫെ റോമല്‍ റൊമാറ്റോ, തായ് എം.സി ഷർഷെ ദഫെ സ്ഥാന കഷേംസന്ത നാ അയുധ്യ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വാഗതം പറഞ്ഞു.
ജിദ്ദയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫിലിപ്പീന്‍സ് കോണ്‍സല്‍ ജനറല്‍ എഡ്ഗര്‍ തോമസ് ക്യു ഓക്സിലിയന്‍, ഇന്തോനേഷ്യന്‍ കോണ്‍സല്‍ ജനറല്‍ എക്കോ ഹാര്‍ട്ടോണോ, മലേഷ്യന്‍ കോണ്‍സുല്‍ ഫറാ സയാഫിന ബഹിരി എന്നിവര്‍ സംബന്ധിച്ചു. ആസിയാന്‍ ഫെസ്റ്റിവല്‍ ഈ മാസം ഒമ്പതുവരെ തുടരും. കഴിഞ്ഞവര്‍ഷം വിജയിച്ച ചാരിതാര്‍ഥ്യത്തിലാണ് ഈ വര്‍ഷവും ഫെസ്റ്റ് തുടങ്ങുന്നതെന്നും മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ഓഫിസുകള്‍ വഴി സ്റ്റോക്ക് ചെയ്യുന്ന ഉല്പന്നങ്ങള് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്കുന്നതില് സന്തുഷ്ടരാണെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.