അസീർ പ്രവാസി സംഘം വാർഷികവും , ആതുര സേവകർക്ക് ആദരവും സംഘടിപ്പിച്ചു
text_fieldsഖമീസ് മുശൈത്ത്: അസീർ പ്രവാസി സംഘം 19ാമത് വാർഷികവും കോവിഡ് നാളുകളിൽ അസീറിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച ആതുര സേവകർക്കുള്ള ആദരവ് പരിപാടിയും സംഘടിപ്പിച്ചു. പാട്ടിനും നൃത്തത്തിനുമൊപ്പം കലാകാരന്മാരുടെ വ്യത്യസ്തങ്ങളായ പരിപാടികളും, നാടിന്റെ തനിമകൾ നിലനിർത്തിക്കൊണ്ടുള്ള അത്തപ്പൂക്കളവും, സദ്യയും, കസേര കളിയും, ഉറിയടിക്കലുമെല്ലാം സൗദിയിലെ സാംസ്കാരിക മണ്ഡലങ്ങളിലെ ഒട്ടേറെ പ്രതിഭാധനരുടെ സാന്നിധ്യത്തിൽ അരങ്ങേറിയപ്പോൾ ഫാത്തിമ ഓഡിറ്റോറിയത്തിലൊരു മലയാളക്കര സൃഷ്ടിച്ച പ്രതീതിയായി.
സാംസ്കാരിക സമ്മേളനം ജിദ്ദ നവോദയ സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനും മതത്തിനും ഭാഷക്കുമപ്പുറം സഹജീവികൾക്ക് കരുണയും സ്നേഹവും വിതറുന്ന മലയാളി കൂട്ടായ്മകൾ മതനിരപേക്ഷതയുടെ വൻമതിലുകളാണ് പണിയുന്നതെന്നും, പ്രവാസത്തിൽ ഒരു പാത്രത്തിൽ ഒരുമിച്ചുണ്ണുന്ന മനുഷ്യരെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അസീർ പ്രവാസി സംഘം ആക്ടിങ് പ്രസിഡന്റ് താമരാക്ഷൻ ക്ലാപ്പന അധ്യക്ഷത വഹിച്ചു. ‘അസീർ പ്രവാസി സംഘം പിന്നിട്ട പാതകൾ’ എന്ന വിഷയത്തിൽ രക്ഷാധികാരി ബാബു പരപ്പനങ്ങാടി സംസാരിച്ചു.
കോവിഡ് കാലത്തെ സേവനം പരിഗണിച്ച് അനില കെ. ജോസ്, കെ.സി. മഞ്ജുമോൾ, കലേഷ് കാർത്തികേയൻ, രാജി മേരി സാമുവേൽ, ആതിര അനീഷ്, ലത രാജൻ, മീര മേരി തോമസ്, അനിഷ സുനിൽ, ജിഷ ജോസ്, ലാൻസി ബിനു, ബിനു അൻസാർ, ആഗ്നസ് ജോസഫ്, അനീഷ ഷിഹാബ് എന്നീ നഴ്സുമാർക്ക് ‘അസീർ ശ്രേഷ്ഠ പുരസ്കാരങ്ങൾ’ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സ്വാഗതവും ജോ. ട്രഷറർ നിസാർ എറണാകുളം നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന അത്തപ്പൂക്കളം ഒരുക്കുന്നതിന് റഷീദ് ബാലകൃഷ്ണൻ നേതൃത്വം നൽകി. രാജഗോപാൽ ക്ലാപ്പന, ബഷീർ വണ്ടൂർ, രാജേഷ് കറ്റിട്ട, വിശ്വനാഥൻ, സുരേന്ദ്രൻ പിള്ള, പി.വി അശോകൻ, സൈദ് വിളയൂർ, ഉസ്മാൻ പൊന്നാനി എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾക്ക് പൊന്നപ്പൻ കട്ടപ്പനയും കായിക പരിപാടികൾക്ക് സലീം കൽപറ്റ, റസാഖ് ആലുവ, നൗഷാദ് പാടിച്ചാൽ എന്നിവരും നേതൃത്വം നൽകി. കലാ, കായിക പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.