അസ്ഫാർ; വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പുതിയ കമ്പനി
text_fieldsറിയാദ്: വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പുതിയ കമ്പനി പ്രഖ്യാപിച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്. അസ്ഫാർ എന്നാണ് പുതിയ കമ്പനിയുടെ പേര്. പ്രാദേശിക വിനോദസഞ്ചാര മേഖലയിൽ നിക്ഷേപിക്കുന്നത് കൂടാതെ സൗദി നഗരങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടിയുള്ള കർമപദ്ധതികളും പുതിയ കമ്പനി മുഖേന നടപ്പാക്കും.
പുതുനിർമിതികൾ കൂടാതെ റസ്റ്റാറൻറ്, കോഫിഷോപ്പ് മേഖലകളിലും കമ്പനി നിക്ഷേപം നടത്തുകയും സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രാദേശിക വിതരണക്കാർ, കരാറുകാർ, ചെറുകിട-ഇടത്തരം സംരംഭകർ ഇവർക്ക് അനുയോജ്യമായ അന്തരീക്ഷം വിനോദസഞ്ചാര മേഖലയിൽ സൃഷ്ടിക്കുന്നതിന് ‘അസ്ഫാർ’ ശ്രമിക്കും.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്കിടയിൽ തന്ത്രപ്രധാന സ്ഥാനത്തുള്ള സൗദിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പുതിയ കമ്പനി രൂപവത്കരണത്തിന്റെ ലക്ഷ്യം. സൗദി ഭൂപ്രദേശങ്ങളുടെയും പ്രകൃതിയുടെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങൾ ആഗോള വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന പദ്ധതികളാണ് അസ്ഫാർ ഏറ്റെടുക്കുകയെന്ന് പൊതുനിക്ഷേപ നിധിയിലെ വിനോദ കായിക വിഭാഗം മേധാവി മശാരി അൽ ഇബ്രാഹിം പറഞ്ഞു.
സൗദി വിനോദസഞ്ചാര പദ്ധതികൾ ആവാസവ്യവസ്ഥയെ പിന്തുണക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2030ഓടെ 10 കോടി വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കാനാണ് ‘വിഷൻ 2030’ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.