അഷ്റഫ് നരിക്കുനി പ്രവാസം അവസാനിപ്പിക്കുന്നു
text_fieldsറിയാദ്: പ്രവാസലോകത്ത് കലാകായികരംഗത്ത് സർഗാത്മഗതയുടെ അടയാളങ്ങൾ പതിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് അഷ്റഫ് നരിക്കുനി. ആയോധനകലയിലും കായികമേഖലയിലും മാത്രമല്ല, നാടകത്തിലും ഒരു കൈനോക്കിയാണ് പ്രവാസത്തിൽനിന്നുള്ള പടിയിറക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് സൗദിയിലെത്തിയ അഷ്‌റഫ് ആദ്യ രണ്ടുവർഷം ഖസീമിലും അബഹയിലുമായിരുന്നു. പിന്നീട് റിയാദിലെ 'സാബികി'ൽ ഏതാനും വർഷം ജോലി ചെയ്തശേഷം 'നോകിയ' ടെലിഫോൺ നെറ്റ്‌വർക്സ് എന്ന കമ്പനിയിൽ 14 വർഷം പൂർത്തിയാക്കിയാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിൽ കോളജ് വിദ്യാഭ്യാസത്തോടൊപ്പം മാർഷൽ ആർട്‌സ് പഠിക്കുകയും പിന്നീട് സ്വന്തമായി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും ചെയ്തു. നേരത്തേ റിയാദിലെ റമാദ് ഹോട്ടലിൽ കരാട്ടേ ക്ലാസുകൾ നടത്തിയിരുന്നു.
കളരി, ജൂഡോ എന്നിവയിലും പരിശീലനം നേടിയ ഇദ്ദേഹം 'റിയാദ് നാടകവേദി'യിലെ സജീവ അംഗം കൂടിയായിരുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ഭൂപടം മാറ്റിവരക്കുമ്പോൾ' എന്ന നാടകത്തിൽ റോദയുടെ വേഷം അവിസ്മരണീയമാക്കി. കുഞ്ഞാലിമരക്കാർ, നീലക്കുയിൽ തുടങ്ങി പല നാടകങ്ങളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചിൽഡ്രൻസ് ക്ലബ്, റിമാസ്, ഫാൽക്കൺ സ്പോർട്സ് ക്ലബ് എന്നീ വേദികളിലും ജീവകാരുണ്യ പ്രവർത്തകൻ, സംഘാടകൻ ഫുട്‌ബാൾ, വോളിബാൾ, ക്രിക്കറ്റ് എന്നീ മേഖലകളിലും സജീവമാണ്. പ്രവാസം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി കലാകായിക- സാംസ്കാരിക കൂട്ടായ്‌മകൾ യാത്രയയപ്പ് നൽകുന്ന തിരക്കിലാണ്. ഞായറാഴ്ച ഇദ്ദേഹം റിയാദിൽനിന്ന് പുറപ്പെടും. നേരത്തെ ഇവിടെയുണ്ടായിരുന്ന കുടുംബം ഇപ്പോൾ നാട്ടിലാണ്. ഡോ. ഷബീൻ കെ. അഷ്‌റഫ് (ആയുർവേദ ഡോക്ടർ, വയനാട് ബത്തേരി താലൂക്ക് ആശുപത്രി) ഭാര്യയാണ്. വിദ്യാർഥികളായ അലീന അഷ്‌റഫ്, അഥീന അഷ്‌റഫ്, അയാൻ അഷ്‌റഫ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.