ആശ്രയ ഭക്ഷണവിതരണം: കേളി ധാരണപത്രം കൈമാറി
text_fieldsറിയാദ്/തലശ്ശേരി: ആശ്രയ സാന്ത്വന കേന്ദ്രത്തിൽ ഭക്ഷണ വിതരണം നടത്തുന്നതിന് കേളി കലാസാംസ്കാരിക വേദി ഒപ്പിട്ട ധാരണപത്രം കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന് കൈമാറി. മലബാർ കാൻസർ സെന്ററിൽ (എം.സി.സി) എത്തുന്ന വിദൂര ദേശങ്ങളിൽനിന്നടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വനകേന്ദ്രമായ ‘ആശ്രയ’ നൽകുന്ന സാന്ത്വനത്തിനും പരിചരണത്തിനും റിയാദ് കേളിയുടെ കൈത്താങ്ങാണ് ഭക്ഷണ വിതരണം.
എം.സി.സിയിൽ നിത്യേനയുള്ള ചികിത്സക്കായി എത്തുന്ന രോഗികൾക്കും സഹായികൾക്കും പ്രത്യേകിച്ച് വിദൂരദേശങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യമായി താമസവും ഭക്ഷണവും വിശ്രമകേന്ദ്രവും നൽകുന്നതാണ് ആശ്രയയുടെ പ്രവർത്തനങ്ങൾ. കേളി കലാസാംസ്കാരിക വേദിയുടെ 11ാം കേന്ദ്ര സമ്മേളനത്തിൽ പ്രഖ്യാപിച്ച ‘ഹൃദയപൂർവം കേളി’ ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി ആശ്രയയിൽ എത്തുന്ന രോഗികൾക്കും സഹായികൾക്കും ആറുമാസത്തെ ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ലോക കേരളസഭ അംഗവും രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് കൈമാറി.
ആശ്രയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നോർക്ക റൂട്സ് ഡയറക്ടറും ലോക കേരളസഭ അംഗവും ആശ്രയ സൊസൈറ്റി ചെയർമാനുമായ ഒ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. കേളി മുൻ രക്ഷാധികാരി സെക്രട്ടറിയും മൊകേരി പഞ്ചായത്ത് പ്രസിഡൻറുമായ പി. വത്സൻ സംസാരിച്ചു. സാന്ത്വനകേന്ദ്രം സെക്രട്ടറി അച്യുതൻകുട്ടി സ്വാഗതവും കേളി മുൻ ഭാരവാഹി രവി പാനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.