ഏഷ്യൻ ഗെയിംസ് 2030: ആതിഥേയരാവാനുള്ള യോഗ്യതകളെല്ലാം പൂർത്തിയാക്കി സൗദി അറേബ്യ
text_fieldsറിയാദ്: 2030ലെ ഏഷ്യൻ ഗെയിംസിെൻറ ആതിഥേയരെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്തമാസം ഒമാനിൽ നടക്കാനിരിക്കെ സർവ സജ്ജീകരണങ്ങളും പൂർത്തിയാക്കി സൗദി അറേബ്യ. നറുക്കെടുപ്പ് അനുകൂലമായാൽ 'റിയാദ് 2030' എന്ന പേരിൽ ഏഷ്യൻ ഗെയിംസ് നടത്തുന്നതിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്.ഒമാനിൽവെച്ച് ഡിസംബറിൽ ഏഷ്യൻ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ഖത്തറും സൗദിയും മാത്രമാണ് 2030 ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നവരുടെ അന്തിമ പട്ടികയിലുള്ളത്. നറുക്കെടുപ്പിലൂടെ ഇതിൽ ആതിഥേയരെ നിശ്ചയിക്കും.
നറുക്കെടുപ്പിന് മുന്നോടിയായി സൗദിയിലെ ഒരുക്കം നേരിൽ കണ്ട് വിലയിരുത്താൻ ഗെയിംസ് കമ്മിറ്റി പ്രതിനിധികൾ റിയാദിലെത്തി. ഏഷ്യൻ ഗെയിംസ് കമ്മിറ്റി ചെയർമാൻ ആൻട്രി ക്രൂകോവ്, കമ്മിറ്റി അംഗം ഡോ. ജൂഹീ പാർക് എന്നിവരെ 'റിയാദ് 2030' സംഘാടക സമിതി പ്രതിനിധി അമീർ ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ് സ്വീകരിച്ചു. എട്ടു വേദികളാണ് റിയാദിൽ ഏഷ്യൻ ഒളിമ്പിക്സിനായി സജ്ജീകരിക്കുന്നത്. ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ ഫുട്ബാൾ, മലസ് അമീർ ഫൈസൽ സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, സൗദി ഒളിമ്പിക് കമ്മിറ്റി സ്റ്റേഡിയത്തിൽ ഹാൻഡ്ബാളും വാട്ടർ പോളോയും, റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ സെൻററിൽ ജിംനാസ്റ്റിക്സും ടേബ്ൾടെന്നിസും എന്നിങ്ങനെയാണ് വിവിധ മത്സരങ്ങൾക്കായി വേദി നിശ്ചയിച്ചിട്ടുള്ളത്.
കിങ് ഫഹദ് കൾചറൽ സെൻററിലായിരിക്കും വെയ്റ്റ് ലിഫ്റ്റിങ്. കിങ് സുഊദ് സർവകലാശാലയും പൗരാണിക നഗരിയായ ദറഇയ്യയും നീന്തൽ, ടെന്നിസ്, ബാസ്കറ്റ്ബാൾ, വോളിബാൾ, വുഷു, ഹോക്കി, സ്േകറ്റ് ബോർഡിങ് തുടങ്ങിയവക്കുള്ള വേദികളാകും. തൈക്വാൻഡോ, ജൂഡോ എന്നിവക്ക് ഒളിമ്പിക് കമ്മിറ്റി േകാംപ്ലക്സാണ് വേദിയാവുക. ലോകത്തെ ഏറ്റവും മികച്ച അത്ലറ്റിക്സ് വില്ലേജ് റിയാദിലെ പ്രകൃതി വിസ്മയമായ 'എഡ്ജ് ഓഫ് ദ വേൾഡി'നോട് ചേർന്ന് നിർമിക്കുന്ന നിർദിഷ്ട അന്താരാഷ്ട്ര വിനോദ നഗരമായ 'ഖിദ്ദിയ്യ'യിൽ ഒരുക്കും. ആതിഥേയത്വത്തിന് അവസരം ലഭിച്ചാൽ അനുപമമായ ഒരു ഏഷ്യൻ ഗെയിംസ് അനുഭവമായിരിക്കും സൗദി ഒരുക്കുകയെന്ന് 'റിയാദ് 2030' കമ്യൂണിക്കേഷൻ ഡയറക്ടർ യസീദ് അൽ റഷീദ് പറഞ്ഞു. സംസ്കാരവും ജീവിതവും സമന്വയിപ്പിച്ചുള്ള പദ്ധതിയായിരിക്കും ഇതെന്നും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും അതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരുങ്ങാനിരിക്കുന്ന സ്റ്റേഡിയങ്ങൾ ഗൾഫിെൻറ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ചതാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.