ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം; ഇറാന്റെ പരമാധികാരത്തിന്റെയും ദേശീയസുരക്ഷയുടെയും ലംഘനം -സൗദി
text_fieldsജിദ്ദ: മുൻ ഫലസ്തീൻ പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ഇറാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, ദേശീയ സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭ കരാർ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽ ഖുറൈജി പറഞ്ഞു. അത് പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും മന്ത്രി സൂചിപ്പിച്ചു.
ബുധനാഴ്ച ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അസാധാരണ യോഗത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരിക്കവേയാണ് ഈ വിഷയത്തിലെ സൗദി അറേബ്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
ഫലസ്തീൻ ജനതക്ക് അകത്തും പുറത്തും രാജ്യാന്തര കരാറുകളും പ്രമേയങ്ങളും അവഗണിച്ച് ഇസ്രായേൽ നടത്തുന്ന നഗ്നമായ ആക്രമണങ്ങളും നിയമവിരുദ്ധ നടപടികളും കാരണം ഫലസ്തീൻ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന സംഭവങ്ങളുടെ ഗൗരവം സൗദി ഭരണകൂടം നന്നായി മനസിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഫലസ്തീൻ പ്രശ്നത്തോടുള്ള സൗദിയുടെ നിലപാട് ഉറച്ചതാണ്. സിവിലിയന്മാർക്കെതിരെ ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഏതെങ്കിലും രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഏതൊരു ആക്രമണവും ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലും തള്ളിപ്പറയുന്ന സമീപനമാണ് സൗദിയുടേത്.
ഇസ്രായേൽ സേനയുടെ അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ വർധിക്കുന്നതിൽ സൗദിയുടെ അഗാധമായ ആശങ്ക മന്ത്രി പ്രകടിപ്പിച്ചു. ഇത് കാരണമായി ഗസ്സയിലും വെസ്റ്റ് ബാങ്കിലും സിവിലിയന്മാർക്കിടയിൽ ധാരാളം രക്തസാക്ഷികളുണ്ടായി. ലക്ഷക്കണക്കിനാളുകൾക്ക് മുറിവേറ്റു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ ക്ഷാമം രൂക്ഷമാക്കി. ധാരാളം പേർ കുടിയിറക്കപ്പെട്ടു. അഭയാർഥികളായി.
ഈ കുറ്റകൃത്യങ്ങൾക്കും ലംഘനങ്ങൾക്കും സമാധാനപ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾക്കും ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി ഉത്തരവാദികളാക്കണമെന്നും ഇതിനുവേണ്ട നടപടികൾക്ക് സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണെന്നും ഉപമന്ത്രി പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരായ ആക്രമണങ്ങളും ലംഘനങ്ങളും അവസാനിപ്പിക്കണം. അന്താരാഷ്ട്ര കരാറുകളുടെയും അറബ് സമാധാന സംരംഭത്തിന്റെയും പ്രമേയങ്ങൾക്ക് അനുസൃതമായി ഫലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അവരുടെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ പ്രാപ്തമാക്കുന്ന സമഗ്രമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുന്നുവെന്നും വിദേശകാര്യ ഉപമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.