ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അല്‍ഖര്‍നിയും ഇന്ന് തിരിച്ചെത്തും
text_fieldsജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ബുധനാഴ്ച തിരിച്ചെത്തും. തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ഇരുവരും നിലയത്തിൽനിന്ന് ഡ്രാഗണ്‍ പേടകത്തില്‍ കയറി ഭൂമിയിലേക്ക് ചൊവ്വാഴ്ച മടക്കയാത്ര ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുവര്‍ക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.
കൃത്രിമ മഴയടക്കം തങ്ങളെ ഏൽപിച്ച എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും പൂർണ വിജയത്തോടെ പൂർത്തിയാക്കിയതായും അവസരം നൽകിയ സൗദി ഭരണാധികാരികൾക്കും ഒപ്പം നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അതോറിറ്റി എന്നിവർക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും അൽഖർനിയും റയാനയും ബഹിരാകാശ നിലയത്തിൽ നിന്നുള്ള തങ്ങളുടെ അവസാന വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
ആറു മുതല്‍ 30 മണിക്കൂർ വരെ സമയമെടുത്തായിരിക്കും ഇവർ ഭൂമിയില്‍ തിരിച്ചിറങ്ങുകയെന്ന് സൗദി സ്പേസ് അതോറിറ്റി അറിയിച്ചു. മേയ് 22നാണ് മറ്റു രണ്ട് സഹയാത്രികരോടൊപ്പം റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും 17 മണിക്കൂർ സഞ്ചാരം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് സൗദിയിലെ 47 സ്കൂളുകളിലെ 12,000 മിഡിൽ ക്ലാസ് വിദ്യാർഥികളോട് തത്സമയ വിഡിയോ ഫീഡിലൂടെ ഇരുവരും ആശയവിനിമയം നടത്തിയിരുന്നു. തന്റെ യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ വിദ്യാർഥികളുമായുള്ള ആശയവിനിമയം നടത്തിയതായിരുന്നുവെന്ന് റയാന അൽ ബർനാവി ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
ഈ വിദ്യാർഥികളെല്ലാം മനുഷ്യരാശിയെ സേവിക്കാൻ കഴിവുള്ള ബഹിരാകാശ യാത്രികരാകാൻ കാത്തിരിക്കുകയാണെന്നും അതാണ് തന്റെ യാത്രക്ക് പിന്നിലെ ഒരു പ്രധാന ലക്ഷ്യമെന്നും അൽ ബർനാവി ട്വീറ്റ് ചെയ്തു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പരിധിയില്ലാത്ത പിന്തുണയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ റയാനക്കും അലിക്കുമായി 14 ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് സൗദി സ്പേസ് അതോറിറ്റി തലവൻ ഡോ. മുഹമ്മദ് അൽ തമീമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.