അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അൻസിൽ റാഫേൽ നാടണഞ്ഞു
text_fieldsറിയാദ്: സ്പോൺസർ മരിച്ചതിനെ തുടർന്ന് ഇഖാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലകപ്പെട്ട മലപ്പുറം സ്വദേശി അൻസിൽ റാഫേൽ അഞ്ചുവർഷത്തിന് ശേഷം നാടണഞ്ഞു. പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലാണ് തുണയായത്. മലപ്പുറം നിലമ്പൂർ അകമ്പാടം ഇടിവണ്ണ സ്വദേശി അൻസിൽ റാഫേൽ ആണ് നാടണഞ്ഞത്. കഴിഞ്ഞ അഞ്ചുവർഷവും ഏഴ് മാസവുമായി നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. വർഷങ്ങളായി സൗദിയിൽ ജോലി ചെയ്തുവന്നിരുന്ന അൻസിൽ സ്‌പോൺസറുടെ മരണത്തോടെയാണ് ഇഖാമ പുതുക്കാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ ബുദ്ധിമുട്ടിലായത്. പ്ലീസ് ഇന്ത്യ സംഘടിപ്പിച്ച പബ്ലിക് അദാലത്തിൽ സഹായം തേടി അൻസിൽ എത്തിയതിനെ തുടർന്ന് ചെയർമാൻ ലത്തീഫ് തെച്ചി വിഷയം ഏറ്റെടുക്കുകയായിരുന്നു. പ്ലീസ് ഇന്ത്യയുടെ എട്ടുമാസത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചുകിട്ടുകയും മടക്കയാത്രക്കുള്ള ടിക്കറ്റ് ലഭിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞദിവസം സലാം എയർവേസിൽ അൻസിൽ റാഫേലിനെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി. പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളി, മിഡിലീസ്റ്റ് സെക്രട്ടറി ബക്കർ മാസ്റ്റർ, ഗ്ലോബൽ നേതാക്കളായ അഡ്വ. ജോസ് എബ്രഹാം, അഡ്വ. റിജി ജോയ്, നീതു ബെൻ, വിജയശ്രീ രവിരാജ്, മൂസ മാസ്റ്റർ, രബീഷ് കോക്കല്ലൂർ, രാഗേഷ് മണ്ണാർക്കാട്, സുധീഷ അഞ്ചുതെങ്ങ്, രാഗേഷ് രാഘവൻ എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.