അത്ലറ്റിക്കോ മഡ്രിഡ് സ്റ്റേഡിയം ഇനി ‘റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം’
text_fieldsറിയാദ്: സ്പെയിനിലെ അത്ലറ്റിക്കോ മഡ്രിഡ് സ്റ്റേഡിയം ഇനി ‘റിയാദ് എയർ മെട്രോപൊളിറ്റാനോ’ സ്റ്റേഡിയമാകും. ഇതിനുള്ള കരാറിൽ റിയാദ് എയറും അറ്റ്ലറ്റിക്കോ മഡ്രിഡും ഒപ്പുവെച്ചു. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മഡ്രിഡിെൻറ സ്വന്തം സ്റ്റേഡിയത്തിെൻറ പേരാണ് 2033 വരെ ‘റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം’ എന്ന് മാറ്റുന്നതെന്ന് റിയാദ് എയർ അറിയിച്ചു. സ്റ്റേഡിയത്തിെൻറ പുതിയ പേര് ഒക്ടോബർ 20ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
കഴിഞ്ഞ ആഗസ്റ്റ് 10ന് ഒപ്പുവെച്ച റിയാദ് എയറും സ്പാനിഷ് ഫുട്ബാൾ ക്ലബ് അത്ലറ്റിക്കോ മഡ്രിഡും തമ്മിലുള്ള പങ്കാളിത്ത കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിയാദ് എയർ വ്യക്തമാക്കി. കരാർ പ്രകാരം റിയാദ് എയർ ക്ലബിെൻറ ഔദ്യോഗിക സ്പോൺസറും എക്സ് ക്ലൂസിവ് എയർലൈൻ പങ്കാളിയുമായി. ടീമിെൻറ സ്റ്റേഡിയത്തിെൻറ പുതിയ നാമകരണത്തിൽ പങ്കാളിയാകുന്നതിന് പുറമെ അത്ലറ്റിക്കോ മഡ്രിഡ് കളിക്കാരുടെ ജഴ്സിയുടെ മുൻവശത്ത് റിയാദ് എയർലൈൻ ലോഗോ പതിക്കുന്നതും കരാറിൽ ഉൾപ്പെടുമെന്ന് റിയാദ് എയർ സൂചിപ്പിച്ചു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബാൾ സ്റ്റേഡിയത്തിന് റിയാദ് എയറിെൻറ പേരിടുന്നത് സുപ്രധാന ചുവടുവെപ്പാണെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രമുഖമായ ഒരു സ്റ്റേഡിയത്തിെൻറ പേരുമാറ്റത്തിനാണ് ഞങ്ങൾ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 2033 വരെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വിശിഷ്ടമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ പുരാതന ക്ലബുമായി ദീർഘകാല ബന്ധം കെട്ടിപ്പടുക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ ചരിത്രപരമായ ആഗോള സ്പോർട്സ് ലാൻഡ്മാർക്കിൽ ‘റിയാദ് എയർ’ എന്ന പേരിെൻറ സാന്നിധ്യം അന്താരാഷ്ട്ര കായിക ലോകത്ത് സാന്നിധ്യം വർധിപ്പിക്കുമെന്ന് സി.ഇ.ഒ ഡഗ്ലസ് പറഞ്ഞു.
റിയാദ് എയറുമായുള്ള പങ്കാളിത്തം വിപുലീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് അത്ലറ്റിക്കോ മഡ്രിഡ് സി.ഇ.ഒ മിഗ്വൽ ഏഞ്ചൽ ഗിൽ പറഞ്ഞു. ആഗോള പ്രോജക്ട് ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ പങ്കാളി എന്ന നിലയിൽ അത്ലറ്റിക്കോ മഡ്രിഡിൽ വിശ്വാസമർപ്പിച്ച റിയാദ് എയർ ടീമിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി പൊതുനിക്ഷേപ ഫണ്ട് കമ്പനികളിലൊന്നും സൗദിയുടെ പുതിയ വിമാന കമ്പനിയുമാണ് ‘റിയാദ് എയർ’.
2025െൻറ മധ്യത്തോടെ ഔദ്യോഗികമായി സർവിസ് ആരംഭിക്കാൻ തയാറെടുക്കുകയാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവക്കിടയിലുള്ള സൗദിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി 2030ഓടെ ലോകത്തെ നൂറിലധികം സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.