എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ റിയാദിൽ തോക്കുചൂണ്ടി കൊള്ള
text_fieldsറിയാദ്: എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ തോക്കുചൂണ്ടി 10 ലക്ഷം റിയാൽ കൊള്ളയടിച്ചു, പിന്തുടർന്ന പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒരു കവർച്ചക്കാരൻ മരിച്ചു. റിയാദിൽ കഴിഞ്ഞദിവസമാണ് സംഭവം.
ബാങ്കിന്റെ മണി ട്രാൻസ്പോർട്ടിങ് കമ്പനി ജീവനക്കാർ എ.ടി.എമ്മിൽ പണം നിറക്കുേമ്പാൾ കാറില്‍ വന്ന മുഖംമൂടിയണിഞ്ഞ രണ്ടുപേരാണ് കൊള്ളനടത്തിയത്. ജീവനക്കാരിൽനിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് തങ്ങളുടെ കാറിൽ കയറി കടന്നുകളഞ്ഞു. അതിനിടയിൽ പണം വിട്ടുതരാന്‍ ആവശ്യപ്പെട്ട ജീവനക്കാരെ രണ്ടുപേരും തോക്കുചൂണ്ടി ഭയപ്പെടുത്തുകയും ചെയ്തു.
വിവരം ലഭിച്ചയുടന്‍ പൊലീസ് കാറിനെ പിന്തുടർന്നു. ഓട്ടത്തിനിടെ കവർച്ചക്കാരുടെ കാർ കേടായി. പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ വെടിവെച്ച് പരിക്കേൽപിച്ച് ആ വാഹനവുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കവർച്ചക്കാർ തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിൽ രണ്ടുപേരിലൊരാൾ മരിക്കുകയും മറ്റേയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കവർച്ചചെയ്ത പണം ഇവരില്‍നിന്ന് കണ്ടെടുത്തു. പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ആയുധധാരികളായ കവർച്ചക്കാരെ ഏറ്റുമുട്ടലിലൂടെ കീഴടക്കിയ പൊലീസ് ഉദ്യോഗസ്ഥരെ റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ അസീസ് തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.