ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയാക്രമണം; അപലപിച്ച് അറബ് പാർലമെൻറ്
text_fieldsജിദ്ദ: അധിനിവേശ ശക്തിയായ ഇസ്രായേൽ നടത്തിയ ക്രൂരവും രക്തരൂഷിതവുമായ കൂട്ടക്കൊലകളെ അറബ് പാർലമെൻറ് ശക്തമായി അപലപിച്ചു. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആരംഭിച്ച ക്രൂരമായ കൂട്ടക്കൊലകളുടെ തുടർച്ചയാണ് അഞ്ഞൂറിലധികം ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അൽഅഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ ചൊവ്വാഴ്ച രാത്രിയിൽ നടന്ന ഏറ്റവും രക്തരൂഷിതവും ഭയാനകവുമായ ബോംബാക്രമണം. കുട്ടികളുടെ ശരീരം കഷണങ്ങളായി ചിതറിത്തെറിച്ച ഭീതിദവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ്.
ഒപ്പം സ്ത്രീകളുടെയും വൃദ്ധരുടെയും യുവാക്കളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമുണ്ട്. ഇത് വംശഹത്യയും യുദ്ധക്കുറ്റവുമാണ്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യങ്ങൾക്ക് ഇത് നാണക്കേടാണ്. ആശുപത്രിക്ക് നേരെയുള്ള ബോംബാക്രമണം അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനവികതയുടെ അടിസ്ഥാന മൂല്യങ്ങളുടെയും ഗുരുതര ലംഘനമാണ്. ഫലസ്തീൻ ജനതക്കെതിരായ കുറ്റകൃത്യങ്ങൾക്കും അവർക്കെതിരെ നടത്തിയ കൂട്ടക്കൊലകൾക്ക് അധിനിവേശ സേനയുടെ നേതാക്കളെ വിചാരണ ചെയ്യണമെന്നും അവരെ ഉത്തരവാദികളാക്കണമെന്നും ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സെക്യൂരിറ്റി കൗൺസിലിനോടും അമേരിക്കൻ ഭരണകൂടത്തോടും മൗനം വെടിഞ്ഞ് ഈ ക്രൂരവും രക്തരൂഷിതമായതുമായ കൂട്ടക്കൊലകൾ തടയാനും പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തരമായി ഇടപെടണമെന്ന് അറബ് പാർലമെൻറ് ആവശ്യപ്പെടുന്നു. അധിനിവേശ ശക്തിയുടെ ധിക്കാരത്തെയും സ്വേച്ഛാധിപത്യത്തെയും പിന്തുണയ്ക്കുക്കുന്ന രാജ്യങ്ങളോട് പക്ഷപാതം ഉപേക്ഷിച്ച് മനുഷ്യ മനസ്സാക്ഷിയുടെ ശബ്ദം കേൾക്കാനും ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാനും ഉപരോധവും വംശഹത്യാപരമായ ആക്രമണങ്ങളും മൂലം ദുരിതത്തിലായ ജനങ്ങൾക്കൊപ്പം നിൽക്കാനും ആവശ്യപ്പെടുകയാണെന്നും അറബ് പാർലമെൻറ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.