ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ഇന്ത്യൻ ജനാധിപത്യത്തിന് കനത്ത പ്രഹരമേൽപിച്ചു -ഡോ. ഖാലിദ് അൽമഈന
text_fieldsജിദ്ദ: ഇന്ത്യയിൽ മുസ്ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ സൗദിയിലെ പ്രമുഖ കോളമിസ്റ്റും ഇന്റർനാഷനൽ സ്പീക്കറും അറബ് ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫുമായ ഡോ. ഖാലിദ് അൽമഈന. സംഭവങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും കനത്ത പ്രഹരമേൽപിച്ചിട്ടുണ്ട്.
ഇതിനെതിരെ നിശ്ശബ്ദത പാലിക്കുന്ന സർക്കാറിന്റെ നിലപാടുകളെ അംഗീകരിക്കാനാവില്ല. സർക്കാറിന്റെ നിസ്സംഗ സമീപനം അക്രമികൾക്ക് ധൈര്യം പകർന്നിട്ടുണ്ട്. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമാണെന്ന് ഇനിയാരും വിശ്വസിക്കാത്ത രൂപത്തിൽ കാര്യങ്ങൾ വഷളായിട്ടുണ്ട്.
ഭരണകൂട പിന്തുണയോടെ സംഘ്പരിവാർ ശക്തികൾ നടത്തുന്ന ആക്രമണങ്ങളെയും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ മുഹമ്മദ് നബിയെ അവഹേളിക്കുന്നതിനെയും ജനങ്ങൾക്കിടയിൽ വെറുപ്പ് വളർത്തുന്ന പ്രഭാഷണങ്ങൾ നടത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയാണ്. സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്.
ഗാന്ധിയൻ തത്ത്വങ്ങളും നെഹ്റുവിയൻ നയങ്ങളും പിൻപറ്റുന്ന ഇന്ത്യ ലോകത്തിന്റെ ആദരവ് നേടിയ രാജ്യമാണ്. നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ സുന്ദരവും മനോഹരവുമായ ഇന്ത്യയിലാണ് തങ്ങൾ വിശ്വസിക്കുന്നത്. വർധിച്ചു വരുന്ന സാമ്പത്തിക വാണിജ്യ ബന്ധങ്ങൾ ഇന്ത്യ-സൗദി സൗഹൃദത്തെ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
30 വർഷത്തിലധികം അറബ് ന്യൂസ് പത്രത്തിൽ എഡിറ്റർ, റിപ്പോർട്ടർ, പരിഭാഷകൻ എന്നീ തസ്തികകളിൽ പ്രവർത്തിക്കുകയും ഏഴുവർഷങ്ങൾക്കുമുമ്പ് വിരമിക്കുകയും ചെയ്ത മലപ്പുറം ചേന്നര സ്വദേശി പി.കെ. അബ്ദുൽ ഗഫൂർ ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയപ്പോൾ അദ്ദേഹത്തിന് നൽകിയ വിരുന്നിനുശേഷം സംസാരിക്കുകയായിരുന്നു ഡോ. ഖാലിദ് അൽമഈന. അഹ്മദ് മഹ്മൂദ് (മാനേജിങ് എഡിറ്റർ, അൽ ബിലാദ്), സിറാജ് വഹാബ് (മാനേജിങ് എഡിറ്റർ, അറബ് ന്യൂസ്), സയ്യിദ് തൗസീഫ് ഔസാഫ് (ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ, അറബ് ന്യൂസ്) എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.