അബഹയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്...; ലഗേജിൽ ദ്രവരൂപത്തിലുള്ള ഇനങ്ങൾക്ക് കടുത്ത നിയന്ത്രണം
text_fieldsഅബഹ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജിൽ ഓയിൽ, ക്രീം, ഷാംമ്പു തുടങ്ങിയ ദ്രവരൂപത്തിലുള്ള ഇനങ്ങൾക്ക് കടുത്ത നിയന്ത്രണം. രണ്ടാഴ്ചയായിട്ടാണ് ഈ നിയന്ത്രണം വന്നിരിക്കുന്നത്. സാധാരണ പ്രവാസികൾ നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകാറുള്ള ഫയറി വാഷിങ് ലിക്വിഡ്, വിവിധ എണ്ണകൾ, ഷാംമ്പു തുടങ്ങി ഒഴുകാൻ സാധ്യതയുള്ള ദ്രവരൂപത്തിലുള്ള മുഴുവൻ ഉൽപന്നങ്ങളും ലഗേജിൽ നിന്ന് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെടുകയാണ്.
ഇത്തരം സാധനങ്ങൾ ലഗേജിൽ പാക്ക് ചെയ്ത് വിമാനത്താവളത്തിൽ എത്തുന്നവരുടെ ലഗേജുകൾ തുറന്ന് ഇവ പുറത്തെടുത്ത് മാറ്റിയതിന് ശേഷം മാത്രമേ ലഗേജുകൾ അനുവദിക്കുന്നുള്ളൂ. സാധാരണ യാത്രക്കാർ കയ്യിൽ പിടിക്കുന്ന ഹാൻഡ് ബാഗേജുകൾക്കകത്ത് മാത്രമേ ഇത്തരം ഇനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതുതായി ലഗേജുകൾക്കകത്തും ഇവ അനുവദിക്കില്ലെന്ന അറിയിപ്പ് യാത്രക്കാർക്കോ ട്രാവൽ ഏജന്റുമാർക്കോ മുൻകൂട്ടി ലഭിക്കുന്നില്ല.
മഹാഭൂരിപക്ഷം പ്രവാസികളും നാട്ടിൽ പോവുമ്പോൾ ലഗേജിൽ കൊണ്ടുപോവുന്ന ഇത്തരം സാധനങ്ങൾ അനുവദിക്കില്ല എന്ന തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ വിവരം അറിയാതെ യാത്രക്കായി എത്തിയ പലർക്കും ഈ സാധനങ്ങൾ ലഗേജിൽ നിന്നും ഒഴിവാക്കുന്നതിനായി അവ അഴിച്ച് റീ-പാക്ക് ചെയ്യേണ്ടിവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്ത പലർക്കും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
ചെക്ക് ഇൻ ചെയ്യുമ്പോൾ ഒരു പ്രശ്നവുമില്ലാതെ, എമിഗ്രേഷൻ കഴിഞ്ഞു വിമാനത്തിനായി കാത്തിരുന്ന യാത്രക്കാരെ വരെ തിരിച്ച് വിളിച്ച് ലഗേജിലെ ഇത്തരം ഇനങ്ങൾ നീക്കം ചെയ്യാൻ ആവിശ്യപ്പെടുകയാണ്. എന്നാൽ എന്തുകൊണ്ടാണ് സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലൊന്നും നിലവിലില്ലാത്ത നിയന്ത്രണം അബഹ വിമാനത്താവളത്തിൽ മാത്രമെന്നോ ഇത് താൽകാലികമാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.