ചലച്ചിത്രക്കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം -വി.കെ. ജോസഫ്
text_fieldsറിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാ സിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകനും കേരള ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ വി.കെ. ജോസഫ് അഭിപ്രായപ്പെട്ടു. റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച ചലച്ചിത്ര സംവാദത്തിൽ ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇൻറർനാഷനൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യാ ചാപ്റ്റർ പ്രസിഡൻറായ അദ്ദേഹം സൗദി ഫിലിം കമീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിലെത്തിയത്. ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽനിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ. ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ബാബരി മസ്ജിദിന്റെ തകർക്കലിനോടനുബന്ധിച്ച് മലയാളത്തിൽ ഇറങ്ങിയ ധ്രുവം എന്ന സിനിമ ഉൽപാദിപ്പിച്ച ഫ്യൂഡൽ-വർഗീയ-ഫാഷിസ്റ്റ് ബോധം പിന്നീട് കുറെക്കാലം മലയാള സിനിമയെ ഭരിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ പാർശ്വവത്കരണവും സ്വാഭാവികമായ സാമൂഹിക ക്രമമാണെന്ന വ്യാജബോധം സൃഷ്ടിക്കാൻ അത്തരം സിനിമകൾക്ക് സാധിച്ചു. അടുത്ത കാലത്ത് മലയാളസിനിമ അത്തരം വാർപ്പുമാതൃകകളിൽനിന്ന് മുക്തിനേടിയതായി നമുക്ക് കാണാം.
തമിഴ് സിനിമയാണെങ്കിൽ അടുത്ത കാലത്ത് ജനപ്രിയ സിനിമ ഫോർമാറ്റിൽതന്നെ വിപ്ലവകരവും പുരോഗമനപരവുമായ വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പ രഞ്ജിത്തും മാരി ശെൽവരാജും അതാണ് ചെയ്യുന്നത്. സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെയും സമീപനങ്ങൾ നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരികമായി ഒരു ജനത എത്രമാത്രം മുന്നോട്ടുപോകുന്നു എന്നതിന്റെ അടയാളമാണത്. ഇന്ത്യനിന്ന സ്ഥലത്തുനിന്ന് പിറകോട്ടുപോകുമ്പോൾ സൗദി മുന്നോട്ട് പോകുകയാണ്. സവർക്കറിനെ അവതരിപ്പിക്കുന്ന സിനിമ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമാകുന്നത് തന്നെ അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ് സംസാരിച്ചു. സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മാഈൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ സ്വാഗതവും സീബ കൂവോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.